തിരുവനന്തപുരം: തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ വാഹനം തടഞ്ഞു. വിക്രം സാരാഭായി സ്‌പെയ്‌സ് സെന്‍ററിലേക്ക് ഉപകരണങ്ങളുമായെത്തിയ ട്രക്കാണ് ഒരു വിഭാഗം തടഞ്ഞത്. ഒരു ടണ്ണിന് രണ്ടായിരം രൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
പൊലീസെത്തി വാഹനം കടത്തിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന നേരിയ സംഘര്‍ഷം ഉണ്ടായി. ഒടുവില്‍ പൊലീസ് അകമ്പടിയോടെയാണ് വാഹനം വിഎസ്എസ്‌സിയിലേക്ക് എത്തിച്ചത്. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി ജില്ല ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
Read more: നോക്കുകൂലി സംസ്ഥാനത്തിന്‍റെ മുഖച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി
നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്തിന്‍റെ മുഖച്ഛായക്ക് തന്നെ കളങ്കമാകുന്നുവെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വാഹനം തടഞ്ഞ സംഭവം. നോക്കുകൂലി സമ്പ്രദായം തുടച്ചു നീക്കണമെന്ന് പറഞ്ഞ ഹൈക്കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനോട് വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കൊല്ലത്തെ ബിസിനസുകാരൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
സംസ്ഥാനത്തെ നോക്കുകൂലിയുമായി ബന്ധപ്പെട്ട കേസുകൾ വർധിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാനത്തെക്കുറിച്ച് മോശം പ്രതിച്ഛായയാണ് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു. അതോടൊപ്പം തന്നെ ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ നിയമം വഴി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. 2018 മെയ് ഒന്നിനാണ് സംസ്ഥാന സർക്കാർ നോക്കുകൂലി നിരോധിച്ചത്.