തിരുവനന്തപുരം : 'മാൻഹോൾ', 'ചാലക്കുടിക്കാരൻ ചങ്ങാതി', 'മാർജാര ഒരു കല്ലുവെച്ച നുണ', 'ജാക്ക് ആൻഡ് ജിൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം യുവനടി രേണു സൗന്ദർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. ആ കാലഘട്ടത്തിലെ നവോഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ 'നീലി' എന്ന കഥാപാത്രത്തെയാണ് രേണു സൗന്ദർ അവതരിപ്പിക്കുന്നത്. 'പത്തൊൻപതാം നൂറ്റാണ്ടി'ൻ്റെ വിശേഷങ്ങൾ രേണു സൗന്ദർ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലേക്കെത്തിയത് :മൺമറഞ്ഞ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതം ആസ്‌പദമാക്കി വിനയൻ സംവിധാനം ചെയ്‌ത 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിൽ മീനൂട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വീണ്ടും അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. എങ്ങനെയായിരിക്കണം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളൊക്കെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം നൽകിയിരുന്നു. തുടർന്നാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്.
'നീലി'യൊരു അടിയാള സ്ത്രീ :നീലി ഒരു അടിയാള സ്ത്രീയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ പടപൊരുതിയ ധീരനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി നങ്ങേലിയോടൊപ്പം സ്ത്രീകളെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന വനിത. സിജു വിൽസണാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലപ്പുഴയിലെ സംഭാഷണശൈലിയാണ് നീലിയുടേത്. എങ്ങള്, നിങ്ങള് തുടങ്ങിയ പറച്ചിലൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്.
'നീലി'ക്കായുള്ള തയ്യാറെടുപ്പുകൾ :പത്തൊൻപതാം നൂറ്റാണ്ടിലെ നീലി എന്ന കഥാപാത്രത്തിനായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കാലങ്ങൾക്ക് മുൻപുള്ള കേരള സമൂഹത്തിൻ്റെ നേർക്കാഴ്‌ചയാണ് ചിത്രം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ കഥ പറയുന്ന ആ കാലത്തെക്കുറിച്ചും അന്ന് ജീവിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചുമൊക്കെ പഠിച്ചു. അതിനേക്കാളുപരി കഥാപാത്രത്തിന് വേണ്ടി നീന്തലും പഠിച്ചു. അക്കാലത്തെ ജനങ്ങളുടെ സംഭാഷണശൈലിയും പഠിച്ചു. ഇതൊക്കെയാണ് നീലി എന്ന കഥാപാത്രമായി മാറാനെടുത്ത തയാറെടുപ്പുകൾ.