തിരുവനന്തപുരം :രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തിൽ കയ്യടി നേടി ലൂയി ക്ലോസ്റ്റർ സംവിധാനം ചെയ്‌ത 'സ്ട്രേഞ്ചർ ദാൻ റോട്ടർഡാം വിത്ത് സാറാ ഡ്രൈവർ' എന്ന ആനിമേഷൻ ചിത്രം. 2022 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ഹ്രസ്വ ചിത്രമാണിത്.
സംവിധായികയും നിർമാതാവും ജിം ജാർമുഷിന്‍റെ ഭാര്യയുമായ സാറാ ഡ്രൈവർ ഏറെ വിവാദം സൃഷ്‌ടിച്ച കോക്ക്‌സക്കർ ബ്ലൂസ് എന്ന ഡോക്യുമെന്‍ററിയുടെ അവശേഷിക്കുന്ന ഏക പകർപ്പ് റോട്ടർഡാം ഫെസ്റ്റിവലിലേയ്ക്ക് കടത്തിക്കൊണ്ടുപോയിരുന്നു. ഇതിന്‍റെ രസകരമായ കഥ അനിമേഷനിലൂടെ പ്രക്ഷകരിലേക്ക് എത്തിക്കുകയാണ് സംവിധായകൻ ലൂയി ക്ലോസ്റ്റർ.
1993-1994 വർഷങ്ങളിൽ കിഴക്കൻ ചൈനയിൽ നിന്നും പടിഞ്ഞാറൻ ചൈനയിൽ നിന്നും ഒപ്പിയെടുത്ത ദൃശ്യങ്ങളിലൂടെ ചൈനീസ് നാഗരികതയുടെ ഉത്ഭവത്തിന്‍റെ വേരുകൾ തേടുന്ന ചിത്രം 'വാട്ട് എബൗട്ട് ചൈന'യാണ് മേളയിലെ മറ്റൊരു പ്രധാന ആകർഷണം. ട്രിൻഹ് ടി മിൻഹ് ഹാ ആണ് ചിത്രത്തിന്‍റെ സംവിധാനം. സർഗാത്മക ആവിഷ്‌കരണങ്ങളിലൂടെ ഐക്യം നിലനിർത്തിപ്പോരുന്ന ചൈനയെ ദൃശ്യവത്കരിക്കുകയാണ് ചിത്രത്തിൽ.