തിരുവനന്തപുരം: പതിവില്ലാത്ത വിധം ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ് ഇടതുമുന്നണിയില്‍. വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്‌റ്റ് വെടിവയ്‌പ്പുകൂടി ഉണ്ടായതോടെ ആഭ്യന്തര വകുപ്പ് വിവാദങ്ങളും തര്‍ക്കങ്ങളും കൊണ്ട് പൊറുതിമുട്ടുകയാണ്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരെടുത്ത് പറഞ്ഞുള്ള ഒരു പ്രതിഷേധം കൂടിയേ ഇനി ഉണ്ടാകാനുള്ളു.
ഒക്ടോബര്‍ 28നാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ നടന്ന വെടിവയ്‌പ്പില്‍ മൂന്ന് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ഇത് ഇടതുമുന്നണിയിലും, അതിലുപരി സിപിഎമ്മിലും വരാനിരുന്ന രൂക്ഷമായ ആഭ്യന്തരസംഘര്‍ഷത്തിന്‍റെ തുടക്കമായി. മാവോയിസ്‌റ്റ് വിഷയത്തില്‍ എന്നും സിപിഎമ്മിനെതിരെ നിലപാടെടുത്തിട്ടുള്ള സിപിഐ സംഘര്‍ഷത്തിന് തിരികൊളുത്തി. പിണറായി വിജയനെ നരേന്ദ്ര മോദിയോട് ഉപമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ സംഭവത്തില്‍ മോദി സ്വീകരിച്ചതിന് സമാനമായ നിലപാടാണ് പിണറായിയുടേതെന്ന് കാനം തുറന്നടിച്ചു. പിന്നാലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ തന്ത്രപരമായി നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
പൊലീസ് നടപടിയെ പ്രത്യക്ഷത്തില്‍ ന്യായീകരിക്കാതിരുന്ന പിണറായി വിജയന്‍ ഭരണകൂടം അടിച്ചമർത്തിയാൽ ആശയങ്ങൾ ഇല്ലാതാകില്ലെന്ന പൂർണബോധ്യം സർക്കാരിനുണ്ടെന്നും, ദൗർഭാഗ്യകരമായ സംഭവമാണ് അട്ടപ്പാടിയിലുണ്ടായതെന്നും അഭിപ്രായപ്പെട്ടു. അതേസമയം പൊലീസിനെ കുറ്റപ്പെടുത്താന്‍ പിണറായി തയാറായില്ല. സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സിപിഐയുടെ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് റിപ്പോര്‍ട്ട് നല്‍കി. മാവോയിസ്‌റ്റുകളെക്കുറിച്ച് ആദിവാസികള്‍ യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തിന് നേത്യത്വം കൊടുത്ത സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു വ്യക്‌തമാക്കി.
സിപിഐ നിലപാട് ശക്തമാക്കിയപ്പോഴെല്ലാം സിപിഎം മുഖ്യമന്ത്രിയെ പിന്താങ്ങി. എന്നാല്‍ കോഴിക്കോട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലൻ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റുണ്ടായ അന്ന് തന്നെ യു.എ.പി.എ ചുമത്തിയതില്‍ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചെങ്കിലും. കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് മറുപടി പറഞ്ഞു.
എന്നാല്‍ അത് അംഗീകരിക്കാന്‍ തയാറാകാതെ നിന്ന പാര്‍ട്ടി നേതാക്കള്‍ പരസ്യമായ പ്രസ്താവനകള്‍ നടത്തിയത് ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയും, പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ് പാര്‍ട്ടിയുടെ യുവ പ്രതിനിധി എം സ്വരാജും രംഗത്തെത്തി. അലൻ ഷുഹൈബിനും, താഹ ഫസലിനുമൊപ്പമാണ് പാര്‍ട്ടിയെന്ന് എ. വിജയരാഘവൻ തുറന്നടിച്ചു. പൊലീസ് നടപടി തെറ്റാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ തന്നെ തുറന്നടിച്ചു. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതാണെന്ന് സി പി എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയതോടെയാണ് പാര്‍ട്ടി നേതാക്കളും മുന്നണി കണ്‍വീനറും സര്‍ക്കാരിനെതിരെ പറഞ്ഞത്.
ആഭ്യന്തരവകുപ്പ് പാര്‍ട്ടി കോടതിയുടെ പ്രതിക്കൂട്ടിലേക്ക് നടന്നടുക്കുന്നതിനിടെ നിലപാടറിയിച്ച് കേന്ദ്ര നേതൃത്വവും രംഗത്തെത്തി. മാവോയിസ്റ്റ് വധം സിപിഎം അജണ്ടയിൽ ഇല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതിന് പിന്നാലെ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ സി.പി.എം കേന്ദ്ര നേതൃത്വവും അതൃപ്‌തി അറിയിച്ചു. ഇതോടെ സി.പി.എം സംസ്ഥാന നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.
ദേശീയ തലത്തില്‍ യു.എ.പി.എ നിയമത്തിനെതിരെ സിപിഎം ശക്‌മായ നിലപാടെടുക്കുമ്പോള്‍. പാര്‍ട്ടി ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത്, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അതേ നിയമം പ്രയോഗിക്കുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള എഴുത്തുക്കാരും സിനിമാ പ്രവര്‍ത്തകരും യു.എ.പി.എക്കെതിരെ പ്രതികരിക്കുകയാണ്. സുനില്‍.പി ഇളയിടവും ആഷിഖ് അബുവും പൊതുവേദികളില്‍ സി.പി.എം സഹയാത്രികരയാണ് അറിയപ്പെടുന്നത്. ഇവര്‍ രണ്ടുപേരും പന്തീരങ്കാവ് അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തി. വാളായര്‍ വിഷയവും സിനിമാ - പൊതു പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി.
സിപിഐയുടെ വായടക്കണമെങ്കില്‍ ആഭ്യന്തര വകുപ്പിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ സിപിഎം ഉണര്‍ന്നതുപോലെയല്ല മാവോയിസ്‌റ്റ് വിഷയത്തില്‍ സിപിഐ നിലപാട്. അത് ശക്തമാണ്. പി. വി അന്‍വര്‍ വിഷയത്തിലും, മൂന്നാറിലെ ഭൂമി കയ്യേറ്റത്തിലും സര്‍ക്കാരിനെതിരെ ഒരുപാട് പോരടിച്ചതാണ് കാനവും സംഘവും. എന്നാല്‍ പിണറായി വിജയന്‍റെ നയങ്ങളെ മറികടക്കാന്‍ സിപിഐക്കായില്ല എന്ന ചരിത്രം മറക്കാന്‍ കഴിയുന്നതല്ല. ഉള്‍പ്പാര്‍ട്ടി സംഘര്‍ഷത്തേക്കാള്‍ പിണറായിക്കും, ആഭ്യന്തര വകുപ്പിനും നേരിടേണ്ടി വരിക സിപിഐയുടെ നിലപാടുകളായിരിക്കും.