തിരുവനന്തപുരം: ഇന്ത്യയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ദുബായില്‍ നിന്നുള്ള EK0522 എമിറേറ്റ്‌സ് വിമാനത്തില്‍ പുലര്‍ച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തലസ്ഥാനത്തെത്തിയത്. കോവളം റാവിസ് ഹോട്ടലിലാണ് താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ടീം നാളെ വൈകിട്ട് നാലരയ്ക്ക് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തും. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്.
26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.
28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം. മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും തിരുവനന്തപുരം സ്വദേശിയുമായ കെ.എന്‍ അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് മത്സരം നിയന്ത്രിക്കുന്നത്. ജെ.ആര്‍ മദനഗോപാലാണ് ടിവി അംപയര്‍. വീരേന്ദര്‍ ശര്‍മ ഫോര്‍ത്ത് അംപയറാകും. ജവഗല്‍ ശ്രീനാഥാണ് മാച്ച് റഫറി. സാമുവല്‍ ഹോപ്‌കിന്‍സും ആല്‍ഫി ഡെല്ലറുമാണ് ഡിആര്‍എസ് ടെക്‌നിഷ്യന്മാര്‍.