തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടു.
ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മകളും നല്‍കിയ പരാതിയിലാണ് നടപടി.
സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്‌കുമാറാണ് ഉത്തരവിട്ടത്. രജിതയ്ക്ക് 15 ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും നിര്‍ദേശം നല്‍കി.
നടുറോഡില്‍ പരസ്യ വിചാരണ
ഓഗസ്റ്റ് 28നായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഊരുപൊയ്‌ക സ്വദേശി ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈല്‍ മോഷ്‌ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വച്ച് പരസ്യ വിചാരണ ചെയ്യുകയായിരുന്നു.