തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ സിനിമകൾ. മേളയിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്നത്. അതിജീവനത്തിൻ്റെ കഥ പറയുന്ന അപർണ സെൻ സംവിധാനം ചെയ്‌ത 'ദ റേപ്പിസ്റ്റ്' ഉൾപ്പടെയുള്ള ചിത്രങ്ങൾ സംവദിക്കുന്നത് ശക്തമായ അതിജീവന ആശയങ്ങളാണ്. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും, അവൾക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും, പോരാട്ടവുമാണ് ചിത്രത്തിൻ്റെ പ്രമേയം.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രിയായ വിനോദ് രാജ് സംവിധാനം ചെയ്‌ത 'കൂഴങ്കൾ' എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടി. ഭർതൃഗൃഹത്തിൽ നിന്ന് ഇറക്കിവിട്ടപ്പോൾ 15 കിലോമീറ്റർ നടന്ന് സ്വന്തം വീട്ടിലേയ്ക്ക് എത്തിയ തൻ്റെ സഹോദരിയുടെ നീറുന്ന അനുഭവമാണ് വിനോദ് രാജിനെ ഈ സിനിമയിലേയ്ക്ക് എത്തിച്ചത്. അമിത മദ്യാസക്തിയില്‍ ശിഥിലമാക്കപ്പെടുന്ന തമിഴ് കുടുംബങ്ങളും, സ്ത്രീകളുടെ അവസ്ഥയുമാണ് ചിത്രത്തിൽ വരച്ചുകാട്ടുന്നത്.