തിരുവനന്തപുരം : സിനിമയിലേക്കെത്തിയത് യാദൃശ്ചികമായെന്ന് സംവിധായിക താര രാമാനുജൻ ഇടിവി ഭാരതിനോട്. രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിൽ ഉൾപ്പെട്ട മലയാള ചിത്രത്തിന്‍റെ ആദ്യ പ്രദർശനം ടാഗോർ തിയേറ്ററിൽ നടന്നതിന് പിന്നാലെയാണ് താര രാമാനുജൻ്റെ പ്രതികരണം. ഐഎഫ്എഫ്കെയ്ക്ക് പുറമെ ബെംഗളൂരുവിലും, കൊൽക്കത്തയിലും, ന്യൂയോർക്കിലും ചലച്ചിത്രമേളകളിൽ നിഷിദ്ധോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിൻ്റെ പ്രമേയം. സ്വാതന്ത്ര്യം എന്ന ആശയത്തിലൂന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശക്തമായ സ്ത്രീപക്ഷ നിലപാട് കൈക്കൊള്ളുന്ന ചിത്രമാണ് നിഷിദ്ധോ. തൻ്റെ സിനിമകളിൽ താൻ ഇഷ്‌ടപ്പെടുന്ന കഥാപാത്രങ്ങളുണ്ടാകും. അതിൽ ശക്തമായതും ശക്തമല്ലാത്തതുമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാകുമെന്നും താര രാമാനുജൻ പറഞ്ഞു.