തിരുവനന്തപുരം: യുദ്ധങ്ങളും വംശീയാതിക്രമങ്ങളും സാമൂഹ്യവിടവുകളും ചതച്ചരച്ച ജീവിതങ്ങൾ നിലനിൽപ്പിൻ്റെ വഴി തേടുന്നത് ആവേശം പകരുന്ന കാഴ്‌ചകളായി തിരശ്ശീലയിലെത്തുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് മിക്ക ചിത്രങ്ങളും. ലൈംഗിക സ്വാതന്ത്ര്യം മുതൽ മതാധിഷ്‌ഠിത ജീവിത വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരായ യുദ്ധ പ്രഖ്യാപനം വരെ നീളുന്ന പുരോഗമനക്കാഴ്‌ചകള്‍.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന കമില കംസ് ഔട്ട് ടുനൈറ്റ്, ക്ലാര സോള, മുറീന, യു റെസമ്പിള്‍ മീ, യൂനി തുടങ്ങി വിവിധ വിഭാഗങ്ങളിലായി പെൺപോരാട്ടങ്ങളുടെ ഉയർന്ന ശബ്‌ദങ്ങളും നിശബ്‌ദ വിപ്ലവങ്ങളും ഇവിടെയുണ്ട്. ഐഎഫ്എഫ്കെയിലെ നിറസാന്നിധ്യമായ സ്ത്രീകളും വിദ്യാർത്ഥികളും ഈ കാഴ്‌ചകളെ ആവേശത്തോടെയാണ് വരവേൽക്കുന്നത്. സ്ക്രീനിലെ പല കഥാപാത്രങ്ങളും തങ്ങളാണെന്ന് തിരിച്ചറിവിലാണ് അവർ.
ലോകത്തെവിടെയും വനിതകൾ അടുത്ത ചുവടിലേക്കുള്ള പരിശ്രമത്തിലാണെന്ന ഓർമപ്പെടുത്തലാണ് ഈ സിനിമകൾ. മ്യാൻമർ, അഫ്‌ഗാനിസ്ഥാൻ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോൺഫ്ലിക്റ്റ്സ് വിഭാഗത്തിലുള്ളത്. കുർദിഷ് സംവിധായിക ലിസ ചലാൻ 26-ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായെത്തിയത് ഈ മേളയുടെ കൂടി സന്ദേശമാണ്.