തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍.
തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷിജുകുമാറിനെതിരെയാണ് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തമ്പാനൂര്‍ സിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി.
എസ്ഐക്കെതിരായ പരാതി
നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശി സിയാജിന്‍റെ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഏഴിനാണ് പരാതിക്കാധാരമായ സംഭവം. മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനെ ക്രൂരമായി മര്‍ദിച്ച് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നാണ് പരാതി.
Read more: തമ്പാനൂർ പൊലീസ് സ്‌റ്റേഷന്‍ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷന്‍
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ ഫോര്‍ട്ട് എസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുറ്റാരോപിതന് തൊട്ടുമുകളിലുള്ള സിഐയാണ് അന്വേഷണം നടത്തിയത്.
സിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്
എസ്ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതെന്നും പരാതിക്കാരനെയോ അദ്ദേഹത്തിന്‍റെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. സഹപ്രവര്‍ത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
എസ്ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്തി വീഴ്‌ചയ്‌ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഇക്കഴിഞ്ഞ ആഴ്‌ചയാണ് സര്‍ക്കാര്‍ തമ്പാനൂരിനെ തെരഞ്ഞെടുത്തത്.