തിരുവനന്തപുരം : ചിറയിൻകീഴിൽ വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറും തമ്മിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. എൻഫോഴ്സ്മെൻ്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ നിധീഷിനെതിരെ അന്വേഷണം നടത്താനാണ് നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാറിന്‍റെ പച്ചക്കറി കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ഇരുചക്രവാഹനം ഗതാഗത നിയമലംഘനം നടത്തിയതിന് എം.വി.ഐ നിധീഷ് 12,500 രൂപ പിഴയിട്ടിരുന്നു. എന്നാൽ ഇത്രയും തുക പിഴയായി അടയ്ക്കാനാകില്ലെന്നും കേസ് കോടതിയിലേക്ക് വിടണമെന്നും അജയകുമാർ ആവശ്യപ്പെട്ടു. തുടർന്ന് എം.വി.ഐയും അജയകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി.