തിരുവനന്തപുരം: കൊവിഡ് കാലത്ത് വരുമാന നഷ്ടത്തിലും റെക്കോഡിട്ട് കെ.എസ്.ആർ.ടി.സി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ പ്രതിദിന വരുമാന നഷ്ടം അഞ്ചേകാൽ കോടി രൂപയാണ്. കണ്ടെയ്‌ൻമെന്‍റ് സോണുകളിലൊഴികെ നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും യാത്രാക്കാർ കൂടുതലായി ബസിൽ കയറാൻ മടിക്കുന്നത് വരുമാന നഷ്ടത്തിന് പ്രധാന കാരണമാണ്. ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സിയ്ക്ക് 90,61,505 രൂപയായിരുന്നു കളക്ഷൻ. 5312 ഷെഡ്യൂളുകളിൽ 1626 എണ്ണം മാത്രമാണ് ഓപറേറ്റ് ചെയ്യാനായത്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1380 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ ലഭിച്ചത് 71,13,243 രൂപ. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം ലഭിച്ച വരുമാനം 6.15 കോടിയും. അതായത് വരുമാനത്തിൽ 5.25 കോടിയുടെ കുറവ്. 4581 സർവീസുകളിൽ നിന്നാണ് ഈ വരുമാനം ലഭിച്ചതെങ്കിലും കൊവിഡ് കെ.എസ്.ആർ.ടി.സിക്ക് ഒരു ദിവസം വരുത്തിയ കോടികളുടെ നഷ്ടത്തിന്‍റെ കണക്കാണിത്.
നഷ്‌ടത്തില്‍ റെക്കോഡ്: ആനവണ്ടിക്ക് പ്രതിദിന നഷ്‌ടം അഞ്ചേകാല്‍ കോടി - ksrtc news
കഴിഞ്ഞ ആഴ്ച 1380 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തപ്പോൾ ലഭിച്ചത് 71,13,243 രൂപ. എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം ലഭിച്ച വരുമാനം 6.15 കോടി.
കഴിഞ്ഞ വർഷം 16,86,612 കിലോ മീറ്റർ ഓടാനായെങ്കിൽ ഈ വർഷം ഒരു ദിവസം ഓടാൻ കഴിഞ്ഞതാകട്ടെ 3,89,822 കിലോമീറ്റർ മാത്രം. ലോക്ക് ഡൗണിന് ശേഷം പരിമിതമായെങ്കിലും സർവീസുകൾ ആരംഭിച്ചിട്ടും യാത്രാക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ചൊവ്വാഴ്ച 95,791 യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തത്. കഴിഞ്ഞവർഷം ഇതേ ദിവസം 3,27,518 പേർ യാത്ര ചെയ്തിടത്താണ് ഈ കുറവ്. ചൊവ്വാഴ്ച ഒരു കിലോമീറ്ററിൽ ലഭിച്ച ശരാശരി വരുമാനം 23.25 രൂപ. കഴിഞ്ഞ വർഷം 36.52 രൂപയായിരുന്നു വരുമാനം. കുറഞ്ഞത് ശരാശരി 45 രൂപയെങ്കിലും ലഭിച്ചാലേ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള വരുമാനം ലഭിക്കൂ. നിലവിൽ സർക്കാർ സഹായമായ 65 കോടിയിൽ നിന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ നടുവൊടിഞ്ഞ കെ.എസ്.ആർ.ടി.സി ഈ സാഹചര്യത്തെ എങ്ങനെ അതിജീവിക്കാനാകുമെന്ന് കണ്ടറിയണം.