തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും വൈറസ് ബാധിക്കുമെന്ന വാര്‍ത്ത മൃഗസ്നേഹികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പ്പം കരുതലും ശ്രദ്ധയുമുണ്ടെങ്കിലും മൃഗങ്ങളില്‍ കൊവിഡ് വരുന്നത് തടയാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മനുഷ്യരിലെന്ന പോലെ വളർത്തുമൃഗങ്ങൾക്കും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കുകയും ചികിത്സ തേടുകയും വേണം. മൂക്കൊലിപ്പ്, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ ശ്രദ്ധയിൽ പെട്ടാൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തണം. കൊറോണ വൈറസ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുക. രോഗം കണ്ടെത്തിയാൽ അനുബന്ധ അണുബാധകളിൽ നിന്ന് രക്ഷിക്കാൻ ഒരു ഡോസ് ആന്‍റിബയോട്ടിക് നൽകും. മൃഗങ്ങളിൽ കൊവിഡ് ബാധയുണ്ടായാൽ അനുബന്ധമായി ശ്വാസകോശ അണുബാധയ്ക്കാണ് സാധ്യത. ഇതൊഴിവാക്കാനാണ് ആന്‍റിബയോട്ടിക് നൽകുന്നത്. കൊറോണ വൈറസ് വാക്സിൻ നേരത്തെ തന്നെ വിപണിയിൽ ലഭിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പ്രതിരോധത്തിനായി മൃഗങ്ങൾക്ക് വാക്സിൻ നൽകുന്നവരുമുണ്ട്.