തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ അയ്യപ്പനെയാണ് (34) ബൈക്കിലെത്തിയ അക്രമി കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ തമ്പാനൂർ എസ് എൻ വി സ്‌കൂളിന് സമീപമുള്ള സിറ്റി ടവർ ഹോട്ടലിലാണ് സംഭവം.
രാവിലെയായതിനാൽ അയ്യപ്പനും റൂം ബോയ് ശ്യാമുമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. ശ്യാം ഹോട്ടലിലെ മാലിന്യം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു. ഈ സമയം ബൈക്കിൽ എത്തിയ അക്രമി റിസപ്‌ഷനിലേക്ക് വരികയും അയ്യപ്പനെ കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ ഇയാൾ അയ്യപ്പനെ തുടർച്ചയായി വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ കടന്നു കളഞ്ഞു.