കേരളം

kerala

കൊവിഡിനെ നേരിടാൻ സർക്കാർ സജ്ജം, ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളും

By

Published : Apr 24, 2021, 5:27 PM IST

Updated : Apr 24, 2021, 10:44 PM IST

2249 കേന്ദ്രങ്ങളിലായി 1,99256 കിടക്കകൾ തയാറായി കഴിഞ്ഞു. ഇതിനു പുറമെ 136 സ്വകാര്യ ആശുപത്രികളിലായി 5713 കിടക്കകളുമുണ്ട്.

covid treatment  covid hospital  കൊവിഡ് വാർത്തകള്‍  കൊവിഡ് ആശുപത്രി  കേരള സർക്കാർ വാര്‍ത്തകള്‍
കൊവിഡ് പ്രതിരോധത്തിന് ആശുപത്രി സംവിധാനങ്ങളെ ശക്തിപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: എല്ലാ പ്രതിരോധവും തകർത്ത് കൊവിഡ് കുതിക്കുകയാണ്. രോഗികളുടെ എണ്ണം പ്രതിദിനം ആയിരത്തില്‍ നിന്ന് പതിനായിരത്തിലേക്കും അതിനു മുകളിലേക്കും വർധിക്കുകയാണ്. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ നമ്മുടെ സർക്കാരുകളും തയ്യാറല്ല. എന്ത് വിലകൊടുത്തും കൊവിഡിനെ പ്രതിരോധിക്കാൻ തന്നെയാണ് തീരുമാനം.

കൊവിഡിനെ നേരിടാൻ സർക്കാർ സജ്ജം, ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളും

രോഗികളുടെ എണ്ണം വർധിക്കുമ്പോൾ കൂടുതൽ കിടക്കകളും, ഐസിയു, വെന്‍റിലേറ്റർ സൗകര്യങ്ങളും തയാറാക്കുന്ന തിരക്കിലാണ് കേരള സർക്കാർ. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ, സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ, ജില്ലാ കൊവിഡ് സെന്‍ററുകൾ തുടങ്ങി 2249 കേന്ദ്രങ്ങളിലായി 1,99,256 കിടക്കകൾ തയാറായി കഴിഞ്ഞു. ഇതിനു പുറമെ 136 സ്വകാര്യ ആശുപത്രികളിലായി 5713 കിടക്കകളുമുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ആകെ 9735 ഐസിയു കിടക്കകളും 3776 വെന്‍റിലേറ്ററുകളുമാണുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 573 കിടക്കകളും 97 ഐസിയു കിടക്കകളും 80 വെന്‍റിലേറ്ററുകളുമാണ് കൊവിഡ് രോഗികള്‍ക്കായി മാറ്റിയത്. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ രണ്ടായിരത്തോളം കിടക്കകളുമുണ്ട്. സിഎഫ്‌എൽടിസികൾ, സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ എന്നിവിടങ്ങളിലായി 234 ഐസിയു കിടക്കളും 103 വെന്‍റിലേറ്ററുകളുമാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല്‍ വായനയ്‌ക്ക് :രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം എറണാകുളത്ത്

തിരുവനന്തപുരം ജില്ലയില്‍ പ്രധാന സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കൂടി കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ ധാരണയായി. ജില്ലാ കലക്ടറുമായി സ്വകാര്യ ആശുപത്രി ഉടമകൾ നടത്തിയ ചർച്ചയിലാണ് ധാരണ. ഒന്നാം തരംഗത്തിൽ കൊവിഡിന് മാത്രമുള്ള ആശുപത്രിയായി മാറ്റിയിരുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് മറ്റു ചികിത്സകളും ആരംഭിച്ചിരുന്നു. എന്നാൽ വ്യാപനം രൂക്ഷമായതോടെ വീണ്ടും കൂടുതൽ കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി. 175 കിടക്കളാണ് ഇവിടെ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 25 ഐസിയു കിടക്കകളുമുണ്ട്.

കൂടുതല്‍ വായനയ്‌ക്ക്:രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം

രോഗലക്ഷണങ്ങൾ ഗുരുതരമാകുന്നവരെയാണ് നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതേസമയം രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യം പ്രതിസന്ധിയാകുമോ എന്ന ആശങ്കയുമുണ്ട്. രോഗികളുടെ എണ്ണം ഉയർന്നാൽ കൂടുതൽ സിഎഫ്‌എൽടിസികൾ തുറക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നടത്തുന്നുണ്ട്. പ്രമുഖ ആശുപത്രികൾ ഉൾപ്പടെ 21 സ്വകാര്യ ആശുപത്രികളിലാണ് കൊവിഡ് ചികിത്സയ്ക്ക് സൗകര്യമുള്ളത്. നിലവിൽ 727 കിടക്കകളും 90 ഐസിയു കിടക്കകളും 14 വെന്‍റിലേറ്ററുകളുമാണ് ഉള്ളത്. കൊവിഡ് ഒന്നാം വ്യാപനത്തിന്‍റെ ഘട്ടത്തിൽ തന്നെ സ്വകാര്യ ആശുപത്രികളിൽ നിശ്ചിത കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. ജനറൽ വാർഡിൽ 2,300 രൂപയും ഐസിയുവിന് 6500 രൂപയും, വെന്‍റിലേറ്റർ ഐസിയുവിന് 11,500 രൂപയും മാത്രമെ ദിവസ വാടകയായി ഈടാക്കാൻ പാടുള്ളു. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികളിൽ നിന്ന് അമിത തുക ഈടാക്കുന്നു എന്ന പരാതികളും ഉയർന്നിരുന്നു.

Last Updated : Apr 24, 2021, 10:44 PM IST

ABOUT THE AUTHOR

...view details