തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും പേരും ശബ്ദവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ രണ്ട് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. രാജാസ്ഥാനിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്ത് വീണ്ടും ഹണി ട്രാപ്; രണ്ട് രാജസ്ഥാൻ സ്വദേശികള്‍ അറസ്‌റ്റില്‍ - സൈബര്‍ പൊലീസ്
രാജാസ്ഥാനിലെ കാമൻ സ്വദേശികളായ നഹർസിങ്, സുഖ്ദേവ് സിംങ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് രാജസ്ഥാനില്‍ ചെന്ന് അറസ്‌റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അങ്കിത ശർമ്മ എന്ന പേരിലെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവാവിന് ഫ്രണ്ട് റിക്വസ്‌റ്റ് അയച്ച ശേഷം മെസഞ്ചറിലൂടെ നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വാട്‌സ് ആപ്പിലൂടെയും സന്ദേശങ്ങൾ അയച്ച സംഘം യുവാവിനെ പ്രലോഭിച്ച് സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തമാക്കി. പിന്നാലെ പണം നൽകിയില്ലെങ്കിൽ ഇവ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുമെന്നും വാട്‌സ് ആപ്പ് കോൺടാക്‌റ്റിലുള്ള സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണി മുഴക്കി. തുടർന്ന് മൊബൈൽ വാലറ്റ് ആപ്പുകൾ വഴി പതിനായിരം രൂപയോളം യുവാവിൽ നിന്ന് കൈക്കലാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉൾപ്പടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ഭാരത് പൂർ ജില്ലയിലെ കാമൻ, മേവാത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ ഡിവൈഎസ്‌പി ശ്യാംലാലിന്‍റെ നേതൃത്വത്തിൽ രാജസ്ഥാനിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.സംസ്ഥാനത്ത് നിരവധി പേർ ഇത്തരത്തിൽ ഹണി ട്രാപ്പിൽ ഉൾപ്പെട്ടിരുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.