കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം മാറ്റിവെക്കുന്നുവെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഇത് എന്ന് തിരികെ നല്‍കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മാറ്റിവെക്കല്‍ യഥാർഥത്തിൽ വെട്ടിക്കുറക്കലായി മാറുന്നുവെന്നും ഹർജിക്കാർ വാദിച്ചു.
ശമ്പളം ജീവനക്കാരുടെ അവകാശം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ - cm pinarayi vijayan sal;ary challenge
ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് രണ്ട് മാസത്തേക്കാണ് സ്റ്റേ ചെയ്‌തത്

കൊവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. എന്നാൽ അതിന്‍റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പണം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഉത്തരവിൽ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാത്രമാണ്. ഇതിന്‍റെ പേരിൽ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പളം പിടിക്കുകയല്ല താൽക്കാലികമായ മാറ്റിവെക്കുകയാണെന്നാണ് സർക്കാർ ചൂണ്ടികാണിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപ ആവശ്യമാണ്. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. മെയ് 20ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.