തിരുവനന്തപുരം :ഡിസിസി പുനസംഘടനയെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിൽ ഉയർന്ന കൊടുങ്കാറ്റിന് ശമനമില്ല. ഡി.സി.സി പ്രസിഡന്‍റ് പട്ടികയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കലാപം തുടരുകയാണെന്ന സൂചന ഇന്നും നല്‍കി.
അതൃപ്‌തി പ്രകടമാക്കി വീണ്ടും നേതാക്കൾ രംഗത്ത്
കെ.സുധാകരനും വി.ഡി.സതീശനുമെതിരെ ഉമ്മന്‍ചാണ്ടി പരസ്യമായി വീണ്ടും രംഗത്തെത്തി. ഒരു കാലത്തും കോണ്‍ഗ്രസില്‍ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ലെന്ന് തുറന്നടിച്ച അദ്ദേഹം തനിക്കെതിരെ ഡയറി ഉയര്‍ത്തിയ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നടപടി തെറ്റാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ രമേശ് ചെന്നിത്തല നേരിട്ട് പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായി ജോസഫ് വാഴയ്ക്കന്‍ ഐ ഗ്രൂപ്പിന്‍റെ നീരസം മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.
ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പരിഗണിക്കാതെ ഇനിയെല്ലാം തങ്ങളാണെന്ന നിലപാട് അംഗീകരിക്കില്ലെന്ന് വാഴയ്ക്കന്‍ തുറന്നടിച്ചു.
മുന്നറിയിപ്പുമായി കെ സുധാകരൻ; നേതൃത്വത്തിന് പിന്തുണയുമായി മുതിന്ന നേതാക്കളും
എന്നാല്‍ നേരത്തേ ഉണ്ടായിരുന്ന പോലെ രണ്ട് ചാനലുകളെ മാത്രം പരിഗണിച്ച് മുന്നോട്ട് പോകുകയായിരിക്കില്ല ഇനിയെന്നും കഴിവുള്ളവരെ കണ്ടെത്തി മുന്നോട്ട് പോകുമെന്നും ഡല്‍ഹിയില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തെത്തിയ കെ.സുധാകരന്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിയെ കെട്ടിപ്പടുത്തവര്‍ തന്നെ പാര്‍ട്ടിയെ നശിപ്പിക്കുന്ന നിലയിലേക്ക് പോകണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സഹകരിക്കണമെന്ന് അപേക്ഷിക്കാനേ കഴിയൂവെന്നും സുധാകരന്‍ പറഞ്ഞു.
തീരുമാനമെടുത്തത് താനല്ല മറിച്ച് ഹൈക്കമാന്‍ഡാണ്. പാർട്ടിയിൽ മാറ്റം ആറ് മാസത്തിനുള്ളില്‍ കാണാമെന്നും നേതാക്കൾക്ക് സുധാകരൻ മുന്നറിയിപ്പ് നൽകി.
സുധാകരനും വി.ഡി സതീശനും പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ, കെ.മുരളീധരന്‍, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ രംഗത്തിറങ്ങിയതും ഔദ്യോഗിക നേതൃത്വത്തിന് കരുത്തുപകരുന്നതായി.
ഉമ്മന്‍ചാണ്ടി പാളയത്തിന്‍റെ ശക്തി ചോരുന്നു
ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിനെതിരെ പരസ്യ പ്രതികരണത്തിന് തയ്യാറായ ഉമ്മന്‍ചാണ്ടിയുടെ നടപടി അദ്ദേഹത്തിന്‍റെ അടുപ്പക്കാരായ പലരെയും അമ്പരപ്പിച്ചതായാണ് വിവരം.
എല്ലാക്കാലത്തും ഹൈക്കമാന്‍ഡുമായി സഹകരിച്ച് നീങ്ങിയ ചരിത്രമാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ഉമ്മന്‍ചാണ്ടിക്കുള്ളത്.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ ഹൈക്കമാന്‍ഡിനെ പിന്തുണച്ചത് ഈ സാഹചര്യത്തിലാണെന്നുവേണം കരുതാന്‍. കുറെ നാളുകളായി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചുപോന്ന കെ.മുരളീധരനും ഹൈക്കമാന്‍ഡ് തീരുമാനത്തിനൊപ്പമാണ്.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പില്ലെന്ന മുരളീധരന്‍റെ പ്രസ്‌താവന അദ്ദേഹത്തിന്‍റെ നിലപാട് സംബന്ധിച്ച വ്യക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനായ ബെന്നി ബെഹനാന്‍ എം.പിയും, വി.ഡി സതീശനും സുധാകാരനും പിന്തുണ അറിയിച്ചതായാണ് വിവരം.