തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ക്ക് വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗം രൂപം നല്‍കി. കൊവിഡ് 19 ബാധയുടെ സാഹചര്യത്തില്‍ വരുന്നവരെ പരിശോധിക്കാനും ക്വാറന്‍റൈൻ ചെയ്യാനും ആ ഘട്ടത്തില്‍ എല്ലാ സൗകര്യങ്ങളും നല്‍കാനും ആലോചിച്ചിട്ടുണ്ട്. അതിനുള്ള താമസസൗകര്യം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വരുന്നവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ക്വാറന്‍റൈൻ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്‍റൈൻ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നിര്‍വഹിക്കും. ക്വാറന്‍റൈൻ സെന്‍ററുകളില്‍ ആളുകളെ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ടുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കാനാണ് തീരുമാനം. പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ താല്‍പര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.