തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതായതിനെ തുടർന്ന് കേരളത്തിൽ ശക്തമായ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനു ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാനസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പുതുക്കിയ മുന്നറിയിപ്പ്.
ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം ഇന്ന് വരെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഡാമുകളില്‍ റെഡ് അലര്‍ട്ട്; വൈദ്യുതി ഉത്പാദനം പൂര്‍ണ തോതില്‍
ശക്തമായ മഴയിൽ സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളത്തിന്‍റെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.