തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര പാലക്കടവില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി.
രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നതോടെ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും
കനത്ത മഴമൂലം ശനിയാഴ്‌ച മണ്ണ് വീണ് മൂടിയ പാറശ്ശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞില്ല. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഗതാഗതം പുന:സ്ഥാപിക്കാനാണ് ശ്രമം.
കൊല്ലത്തെ കിഴക്കന്‍ മലയോര മേഖലകളിലും മഴയ്ക്ക് ശമനമില്ല. പുനലൂര്‍, പത്തനാപുരം താലൂക്കുകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് തെന്മല അമ്പനാട് എസ്റ്റേറ്റിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടലുണ്ടായ ആര്യങ്കാവിലെ കോളനി നിവാസികള്‍ ബന്ധുവീടുകളിലേക്ക് മാറിയതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.