തിരുവനന്തപുരം: സംസ്ഥാന വ്യപകമായി ഞായറാഴ്‌ച ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മധ്യകേരളത്തിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനം ഈ ജില്ലകളില്‍ കൂടുതലാകുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍റമാന്‍ കടലില്‍ നിലനില്‍ക്കുന്ന ന്യൂനമർദം തിങ്കളാഴ്‌ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുകയും വ്യാഴാഴ്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ തീര മേഖലകളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനൊപ്പം ഉയര്‍ന്ന തിരമാല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
READ MORE:Kerala Rains: തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാമ്പുകൾ, പൂർണ സജ്ജമെന്ന് വി.ശിവൻകുട്ടി