കോഴിക്കോട്: കോഴിക്കോട് 12 വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ സംസ്ഥാനം വീണ്ടും നിപ ഭീതിയിൽ. 2018ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്‌ത് കേരളത്തിൽ നിന്നും തുടച്ചു നീക്കിയ രോഗം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര സംഘം സംസ്ഥാനത്തെത്തി
സംസ്ഥാനത്ത് കൊവിഡ് കേസുകളും കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും നിപ റിപ്പോർട്ട് ചെയ്യുന്നത്. രോഗം റിപ്പോർട്ട് ചെയ്‌ത ചാത്തമംഗലം പഞ്ചായത്തിൽ സംസ്ഥാന കേന്ദ്രസർക്കാരുകളുടെ വിഗദ്‌ധ സംഘം എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. കോഴിക്കോട് ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു. അതേ സമയം രണ്ട് പേർ കൂടി രോഗലക്ഷണം കാണിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് ഇതിനകം സംസ്ഥാനത്തെത്തിയത്.
റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്
ഓഗസ്റ്റ് 27നാണ് 12 വയസുകാരന് പനി തുടങ്ങിയത്. തുടർന്ന് പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഞായറാഴ്‌ച രാവിലെ അഞ്ചോട് കൂടിയാണ് 12 വയസുകാരൻ മരിക്കുന്നത്.
ആരോഗ്യ വകുപ്പ് റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 27 മുതലുള്ള റൂട്ട്മാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളജിലെ പേ വാർഡ് പൂർണമായും നിപ വാർഡാക്കി മാറ്റിയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി പി.എ മുഹമ്മദ് റിയാസ്, മന്ത്രി എ. കെ ശശീന്ദ്രൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരാണ് നിപ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.