തിരുവനന്തപുരം :കഴിഞ്ഞ രണ്ടുതവണയും കൊവിഡ് കവര്‍ന്ന ഓണാഘോഷങ്ങളിലേക്ക് കേരളം ഈ വര്‍ഷം തിരിച്ചെത്തുമ്പോൾ വിസ്‌മയ കാഴ്‌ചയൊരുക്കി തലസ്ഥാനത്ത് സർക്കസിന്‍റെ ആവേശം. ഗ്രേറ്റ് ബോംബെ സർക്കസിലെ മികച്ച കലാകാരന്മാരുടെ അത്ഭുത പ്രകടനങ്ങളാണ് പുത്തരിക്കണ്ടം മൈതാനത്ത് ഈ ഒരു മാസം അരങ്ങേറുന്നത്. അതീവ ജാഗ്രതയും ആൾക്കൂട്ടത്തെ ഒഴിച്ചുനിർത്തിയുള്ള വെർച്വൽ ആഘോഷങ്ങളും കയ്യടക്കിയ കഴിഞ്ഞ രണ്ട് കൊവിഡ് കാലങ്ങൾക്ക് ശേഷം കേരളം ഓണത്തിന്‍റെ യഥാർഥ ആവേശത്തിലേക്ക് ഉണരുകയാണ്.
ഇടവേളയ്ക്ക് വിരാമം ; നിറഞ്ഞാടി ത്രസിപ്പിക്കാന്‍ അനന്തപുരിയിൽ വീണ്ടും സർക്കസ് - great bombay circus
ഓണാവേശത്തിൽ അത്ഭുത പ്രകടനങ്ങളുമായി ഗ്രേറ്റ് ബോംബെ സർക്കസ് തലസ്ഥാന നഗരിയിൽ എത്തി. പുത്തരിക്കണ്ടം മൈതാനം ആവേശ തിമർപ്പിലാണ്
കുറഞ്ഞ ബാങ്ക് ബാലൻസ് ഉള്ള സർക്കസ് കലാകാരന്മാർ ഇക്കഴിഞ്ഞ കാലം മറ്റുപല പണികൾക്കും പോയിരുന്നു. റിങ്ങിൽ, കാണികളുടെ കയ്യടിയിൽ കോരിത്തരിക്കുന്ന അഭിമാന നിമിഷങ്ങൾ മടങ്ങി വരുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ സർക്കസ് കലാകാരന്മാർ. വിദേശ കലാകാരന്മാരുടെ സാഹസിക പ്രകടനങ്ങൾക്ക് സർക്കസിൽ മൂല്യം കൂടുതലാണ്. അത്തരം പ്രകടനങ്ങളുമായി എത്യോപ്യയിൽ നിന്നുള്ള ഒരു സംഘം ഗ്രേറ്റ് ബോംബെ സർക്കസിനൊപ്പമുണ്ട്.
മഴ പ്രതികൂലാവസ്ഥയാണ്. പക്ഷേ പരീക്ഷ കഴിഞ്ഞാൽ ഓണം അടുപ്പിച്ച് കുട്ടികളും കുടുംബങ്ങളും എത്തുമെന്ന പ്രതീക്ഷയാണ് സർക്കസ് സംഘത്തിന്. ഇടവേളയ്ക്ക് ശേഷമെത്തുമ്പോൾ വിസ്മയിപ്പിക്കുന്ന പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് ഇത്തവണ ആഘോഷങ്ങൾക്ക് ഒപ്പം വിപണിയുണരും. പുതിയ പകർച്ചവ്യാധികളൊന്നും കളം പിടിച്ചില്ലെങ്കിൽ ഓണത്തിന്‍റെ ആൾക്കൂട്ടം തെരുവുകളിൽ നിറയും. ഒപ്പം ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണാൻ സർക്കസ് കലാകാരന്മാരുടെ പ്രകടനങ്ങളും.