തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഭരണ മികവ് വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടി. ഐഎംജിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ് പുതുമുഖ മന്ത്രിമാര്‍ക്ക് നല്‍കുന്നത്. ഭരണ മികവ് വര്‍ധിപ്പിക്കുന്നതിനും വെല്ലുവിളികളില്‍ നേതൃത്വപരമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനുമാണ് പരിശീലനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
പുതുമുഖങ്ങളുമായി അധികാരമേറ്റെടുത്ത രണ്ടാം പിണറായി സര്‍ക്കാറിന് മന്ത്രിമാരുടെ പ്രവര്‍ത്തന പരിചയമില്ലായ്മ പലപ്പോഴും പദ്ധതി നിര്‍വഹണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും കാലതാമസമുണ്ടാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നതിനുമായി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പരിശീലനം പത്ത് സെഷനുകളായി
മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥരും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരുമാണ് പരിശീലനത്തിന്‍റെ ഭാഗമായി മന്ത്രിമാരുമായി സംവദിക്കുന്നത്. തിങ്കളാഴ്‌ച മുതല്‍ മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.
മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ. ഐ. എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും.