തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ അഗതിമന്ദിരങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് സൗജന്യമായി പലവ്യഞ്ജന കിറ്റുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ റേഷന്‍ കടകള്‍ വഴിയാണ് വിതരണം. കൊവിഡ് കാലത്ത് നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയില്‍ വിതരണം ചെയ്തതിന്‍റെ അതേ മാതൃകയിലായിരിക്കും വിതരണം. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സൗജന്യ പലവ്യഞ്ജന കിറ്റുവിതരണം വിപുലീകരിച്ച് സര്‍ക്കാര്‍
അഗതിമന്ദിരങ്ങളിലെ അന്തോവാസികള്‍ക്ക് വരുന്ന നാല് മാസം റേഷൻ കടകള്‍ വഴി കിറ്റ് വിതരണം ചെയ്യും.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങളുടെ പാനലിനും മന്ത്രിസഭ അംഗീകാരം നല്‍കി. കാസര്‍കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയിലേക്ക് 191 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് യു.ജി.സി അഞ്ചാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാനും ആറാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.