തിരുവനന്തപുരം: വെങ്ങാനൂർ ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിൽ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ച 35 ലധികം കുട്ടികൾ തളർന്നുവീണു. ഛർദ്ദിയും വയറിളക്കവും പനിയും തലവേദനയുമുണ്ടായ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ വിട്ട് വീടുകളിൽ എത്തിയ ശേഷമാണ് കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം.
വ്യാഴാഴ്‌ച സ്‌കൂളിൽ നിന്ന് ചോറും തോരനും സാമ്പാറുമുൾപ്പെട്ട ഭക്ഷണമാണ് നൽകിയിരുന്നത്. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ തളർച്ചയും ക്ഷീണവുമുണ്ടായി. തുടർന്ന് ഛർദ്ദിയും വയറിളക്കവുമായതോടെ ആശങ്കയിലായ രക്ഷിതാക്കൾ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.