കേരളം

kerala

ETV Bharat / city

പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് മുതൽ ട്രഷറികൾ വഴി.

പ്രളയ സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

By

Published : Aug 1, 2019, 12:04 PM IST

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്‌ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങി പൂജ്യം ശതമാനം, അഞ്ച് ശതമാനം ജിഎസ്‌ടി നിരക്ക് ബാധകമായവക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ജിഎസ്‌ടിക്ക് പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽ‌കേണ്ടതില്ല. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകും. സെസ് നിലവില്‍ വരുന്നതോടെ കേരളത്തില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ എംആര്‍പിയില്‍ വ്യത്യാസം വരുത്താനാണ് സാധ്യത. കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്‍റ്, പെയിന്‍റ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണ് സെസ്. രണ്ട് വർഷത്തേക്കാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് കൂടാതെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്ന് മുതൽ ട്രഷറികൾ വഴിയാണ് നൽകുന്നത്. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേരാണ് ട്രഷറിയിൽ ശമ്പളം നിലനിർത്താൻ താൽപര്യം അറിയിച്ചത്. 48 വകുപ്പുകളിൽ നാളെ മുതലും ബാക്കി സെപ്തംബര്‍ ഒന്ന് മുതലും നടപ്പാക്കും. ശമ്പളം ബാങ്കിൽ നിന്ന് കൈപ്പറ്റാൻ തീരുമാനിച്ചവർക്ക് ആദ്യം ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം ഉടന്‍തന്നെ ബാങ്കിലേക്ക് മാറ്റി നൽകും. എന്നാൽ ഇതിനെതിരെ ഒരുവിഭാഗം സർക്കാർ ജീവനക്കാർ രംഗത്ത് വന്നിട്ടുണ്ട്. സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കീഴിലുള്ള ജീവനക്കാരുടെ സംഘടനകള്‍.

ABOUT THE AUTHOR

...view details