തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം അനിശ്ചിതത്വത്തില്‍. സ്ഥിരം ജീവനക്കാര്‍ക്ക് പോലും എങ്ങനെ ശമ്പളം നല്‍കുമെന്ന് അറിയില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ കൈമലര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ എല്ലാവര്‍ക്കും ശമ്പളം നല്‍കുമെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി പറയുന്നത്. ലോക്‌ഡൗണിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ ഉള്‍പ്പെടെ താല്‍കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവും കെ.എസ്.ആര്‍.ടിസിയില്‍ നടപ്പാകാന്‍ സാധ്യതയില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷം - ലോക്ഡൗണ്‍ കേരള
വിഷയം ഗതാഗത മന്ത്രി നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചേക്കും
ലോക്ഡൗണിനു ശേഷം സര്‍വീസുകള്‍ നിര്‍ത്തിയിതോടെ കെ.എസ്.ആര്‍.ടി.സിക്ക് നയാപൈസയുടെ വരുമാനമില്ലാതായി. ഇതോടെ ശമ്പളക്കാര്യം ചിന്തിക്കാന്‍ പോലുമാകാതായി. ശമ്പളം നല്‍കാന്‍ 85 കോടിയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് വേണ്ടത്. ഇതില്‍ ഏഴ് കോടി താത്കാലിക ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടി വരും. സര്‍ക്കാര്‍ കനിയാതെ വേറെ വഴിയില്ലെന്ന അവസ്ഥയിലാണ് മാനേജ്‌മെന്‍റ്. 70 കോടിയാണ് കഴിഞ്ഞ മാസം ശമ്പള വിതരണത്തിനായി ബജറ്റ് വിഹിതത്തില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചത്. ഇങ്ങനെ ലോക്ഡൗണിനു മുമ്പ് വരെയുള്ള ശമ്പളം താല്‍കാലിക ജീവനക്കാര്‍ക്കും നല്‍കാനായി.
ലോക്ഡൗണ്‍ കാലത്ത് ദിവസവേതനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഈ മാസം ഒമ്പതിന് ധനകാര്യവകുപ്പ് ഉത്തരവിട്ടെങ്കിവും നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ അത് നടപ്പാവില്ല. ഗതാഗതമന്ത്രി നാളെത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. ഈ മാസത്തെ ശമ്പളത്തിനും സര്‍ക്കാര്‍ കനിവുകാട്ടിയില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാകും കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാകുക.