തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പല വഴികളുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന താത്പര്യങ്ങളെ ബാധിക്കുന്ന തരത്തില്‍ ഭരണഘടന വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിച്ചും ധന കമ്മിഷന്‍ വഴിയുള്ള ധന കൈമാറ്റത്തില്‍ കുറവ് വരുത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ വിധേയപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത് സംസ്ഥാനത്തിന്‍റെ പുരോഗതിയെ അട്ടിമറിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു.
ഏകദേശം 7,000 കോടിയുടെ റവന്യു കമ്മി ഗ്രാന്‍ഡ് കുറവ് വരുത്തിയതും സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ ജിഎസ്‌ടി നഷ്‌ടപരിഹാരം വിസമ്മതിച്ചതും സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി 3.5 ശതമാനമാക്കി. കിഫ്ബി, സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഗാരന്‍റി സര്‍ക്കാരിന്‍റെ വകയായി വിലയിരുത്തി.