തിരുവനന്തപുരം: ഉമ്മയുടെ വിയോഗത്തിലും പതറാതെ പരീക്ഷ എഴുതിയ ഫാത്തിമക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. പോത്തൻകോട് ലക്ഷ്‌മി വിലാസം ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ ഫാത്തിമയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
ഉമ്മയുടെ വിയോഗത്തിലും പതറാതെ പരീക്ഷയെഴുതി; എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഫാത്തിമ - ഫാത്തിമ
മകളുടെ പഠനത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന നസീറ തനിക്ക് എന്ത് സംഭവിച്ചാലും നന്നായി പരീക്ഷ എഴുതണമെന്നും പഠിച്ച് ജോലി നേടി പിതാവിനെ സംരക്ഷിക്കണമെന്നുമായിരുന്നു ഫാത്തിമയോട് പറഞ്ഞിരുന്നത്
എസ്.എസ്.എൽ.സി പരീക്ഷയുടെ അഞ്ചാം ദിവസമായിരുന്ന ഹിന്ദി പരീക്ഷ നടക്കുന്ന ദിവസം. ഫാത്തിമയെന്ന വിദ്യാർഥിനിയുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. സ്‌കൂൾ പ്രഥമാധ്യാപികയായ മായ ടീച്ചർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവളുടെ പ്രിയപ്പെട്ട ഉമ്മ മരണപ്പെട്ടിട്ട് നിമിഷങ്ങൾ മാത്രമെ ആയിട്ടുള്ളൂവെന്നറിയുന്നത്. ഉമ്മയുടെ ആഗ്രഹ പ്രകാരം ദുഃഖം കടിച്ചമർത്തി അവൾ പരീക്ഷാഹാളിലെത്തി. ഉമ്മ നസീറാബീവി മാർച്ച് 17 നാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഉമ്മയുടെ അസുഖമറിഞ്ഞ് ഗൾഫിലായിരുന്ന പിതാവ് ഷമീറും നാട്ടിലെത്തിയിരുന്നു.
മകളുടെ പഠനത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന നസീറ തനിക്ക് എന്ത് സംഭവിച്ചാലും നന്നായി പരീക്ഷ എഴുതണമെന്നും പഠിച്ച് ജോലി നേടി പിതാവിനെ സംരക്ഷിക്കണമെന്നുമായിരുന്നു ഫാത്തിമയോട് പറഞ്ഞിരുന്നത്. ഉമ്മയുടെ വാക്ക് പാലിക്കാനാണ് ഉമ്മയെ കബറടക്കത്തിന് കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫാത്തിമ രാവിലെ 9.30ന് പരീക്ഷാ ഹാളിലെത്തിയത്. കണിയാപുരം കുടമുറ്റം ജമാ അത്തിലാണ് നസീറാബീവിയെ കബറടക്കിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ് ഉമ്മയില്ലാത്ത വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഉമ്മ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു ഫാത്തിമയുടെ മനസ്സിൽ ഉണ്ടായിരുന്നത്. ഇപ്പോൾ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി. അത് കാണാൻ ഉമ്മ ഇല്ല. എന്നാലും ഉമ്മയുടെ ആഗ്രഹം നേടിയെടുത്തതിന്‍റെ സംതൃപ്തിയിലാണ് ഫാത്തിമ. ഡോക്ടർ ആകണമെന്നാണ് ഫാത്തിമയുടെ ആഗ്രഹം.