കേരളം

kerala

ETV Bharat / city

മറുകണ്ടം ചാടി പ്രധാന നേതാക്കൾ ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നോ ? - Congress kerala

പി.സി ചാക്കോ, എ.വി.ഗോപിനാഥ്, ലതിക സുഭാഷ്, പി.എസ്.പ്രശാന്ത്, പി.എം സുരേഷ്ബാബു, കെ.പി അനില്‍കുമാർ എന്നീ പ്രധാന നേതാക്കൾ അടുത്ത കാലങ്ങളിൽ കോണ്‍ഗ്രസ് വിട്ടു

ANIL KUMAR  കോണ്‍ഗ്രസ്  കേരളത്തിലെ കോണ്‍ഗ്രസിന് അടിതെറ്റുന്നുവോ  പി.സി ചാക്കോ  എ.വി.ഗോപിനാഥ്  ലതികാ സുഭാഷ്  നിയമസഭാ തെരഞ്ഞെടുപ്പ്  ഡി.സി.സി  കെ.സുധാകരന്‍  കെ.പി അനില്‍കുമാർ കോണ്‍ഗ്രസ് വിട്ടു  രാഹുല്‍ ഗാന്ധി  കെസി വേണുഗോപാൽ
മറുകണ്ടം ചാടി പ്രധാന നേതാക്കൾ; കേരളത്തിൽ കോണ്‍ഗ്രസിന് അടിതെറ്റുന്നുവോ ?

By

Published : Sep 14, 2021, 7:23 PM IST

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുകഞ്ഞുതുടങ്ങിയ സംസ്ഥാന കോണ്‍ഗ്രസില്‍ വന്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് ശമനമാകുന്നില്ല. ഡി.സി.സി പുനസംഘടനയോടെ കാര്യങ്ങളാകെ കീഴ്‌മേല്‍മറിഞ്ഞ കോണ്‍ഗ്രസില്‍ അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകുകയാണ്.

ആദ്യം വെടിപൊട്ടിച്ചത് പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്‍റായിരുന്ന എ.വി.ഗോപിനാഥായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് കെ.പി.സി.സി. മുന്‍ സെക്രട്ടറി പി.എസ്.പ്രശാന്ത് പിണങ്ങി പടിയിറങ്ങിയത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സ്ഥാനാര്‍ഥിയായിരുന്ന തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാലോട് രവിയെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റാക്കിയെന്ന് ആരോപിച്ച് പാര്‍ട്ടിക്കുപുറത്തായ പ്രശാന്ത് ആണ് സി.പി.എമ്മില്‍ ചേര്‍ന്ന് ആദ്യം കോണ്‍ഗ്രസിനെ ഞെട്ടിച്ചത്.

അതിന്‍റെ ക്ഷീണം മാറും മുന്‍പേ കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറും ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട അതൃപ്‌തി തുറന്നുപറഞ്ഞ് സി.പി.എം കൂടാരമണഞ്ഞു.

പ്രധാന നേതാക്കൾ മറുകണ്ടം ചാടുമ്പോൾ...

ഇതൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നും പോകുന്നവര്‍ പോകട്ടെ എന്നും പുതിയ നേതൃത്വം മേനി നടിക്കുന്നുണ്ടെങ്കിലും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മറ്റ് സംസ്ഥാനങ്ങളിലെ പോലെ പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസും കടന്നുപോകുന്നത്.

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാവുന്നതല്ല കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് കടന്നുപോയവര്‍ ചില്ലറക്കാരല്ലെന്നോര്‍ക്കണം.

കോണ്‍ഗ്രസിന്‍റെ വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും എം.പിയും ജെ.പി.സി മുന്‍ ചെയര്‍മാനും ഡൽഹി കെ.പി.സി.സി അധ്യക്ഷനുമൊക്കെയായിരുന്ന പി.സി ചാക്കോ നിയമസഭ തെരഞ്ഞെടുപ്പിനുമുന്‍പ് പാര്‍ട്ടി വിട്ട് എന്‍.സി.പിയിലെത്തി സംസ്ഥാന അദ്ധ്യക്ഷനായി.

ശരദ്‌പവാറുമായി ഉറ്റ ബന്ധമുള്ള പി.സി ചാക്കോ എന്‍.സി.പി തെരഞ്ഞെടുത്തത് സ്വാഭാവികമാണെങ്കിലും അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ദേശീയ നേതൃത്വത്തിനെതിരെയായിരുന്നു.

പിന്നാലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന പി.എം സുരേഷ്ബാബു കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നു. ഏറ്റുമാനൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കെ.പി.സി.സി ആസ്ഥാനത്തിനുമുന്നില്‍ തല മുണ്ഡനം ചെയ്ത സംഭവം യു.ഡി.എഫിന്‍റെ പരാജയത്തിന്‍റെ ഒരു കാരണമായാണ് വിലയിരുത്തപ്പെട്ടത്. ലതിക സുഭാഷും തെരഞ്ഞെടുത്തത് എന്‍.സി.പിയായിരുന്നു.

തക്കം പാർത്ത് സിപിഎം

അതേസമയം കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് മുതലെടുത്ത് പ്രതിപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ സി.പി.എം ഇതിനിടയില്‍ തന്ത്രപരമായ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ നീക്കങ്ങള്‍ ആടി നില്‍ക്കുന്നവര്‍ക്കും അസംതൃപ്തര്‍ക്കും പകരുന്ന ധൈര്യവും ആത്മവിശ്വസവും ചെറുതായിരിക്കില്ല. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് ഈ ആറ് നേതാക്കളിലൊതുങ്ങുമെന്ന് കരുതുക വയ്യ.

കെ.പി.സി.സി ഭാരവാഹികളുടെ പുനസംഘടനയോടെ ഉണ്ടാകുന്ന പൊട്ടിത്തെറിയില്‍ എത്ര പേര്‍ കോണ്‍ഗ്രസ് വിടുമെന്നത് കാത്തിരുന്നുകാണേണ്ടതാണ്. പിന്നാലെ വരുന്ന ഡി.സി.സി, ബ്ലോക്ക്, മണ്ഡലം പുനസംഘടനയിലും നല്ല ചാകരയാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സമ്മേളനങ്ങളിലും പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസിനെ പരമാവധി ദുര്‍ബ്ബലപ്പെടുത്തുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകണമെന്ന നിര്‍ദേശം അണികള്‍ക്ക് സി.പി.എം നല്‍കിയിട്ടുണ്ട്.

സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒപ്പം ചേര്‍ക്കാന്‍ ഇതാണ് പറ്റിയ അവസരമെന്ന് സി.പി.എം തിരച്ചറിഞ്ഞിട്ടുണ്ട്. അതിന് അവര്‍ കാണുന്ന കാരണങ്ങളില്‍ പ്രധാനം തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന്‍റെ നിരാശ മേല്‍ത്തട്ടിനെ സാരമായി ബാധിച്ചിരിക്കുന്നു എന്നതാണ്. അഞ്ചുവര്‍ഷം അധികാരത്തില്‍ നിന്ന് അകന്നുനിന്നതിനുശേഷം വീണ്ടും അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി മാറ്റി നിര്‍ത്തപ്പെടുക എന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. അടുത്ത അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തുമെന്നതിന് ഉറപ്പുമില്ല.

ദേശീയ തലത്തിലും അത്തരം അനുകൂല സാഹചര്യം എവിടെയും കാണുന്നില്ല. മധ്യ നിരയിലും പ്രാദേശിക തലത്തിലും പ്രവര്‍ത്തകര്‍ക്കാകെ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ്. പൊലീസ് സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കയറി ചെല്ലാന്‍ സി.പി.എം പ്രാദേശിക നേതാക്കളെ കൂട്ടുപിടിക്കേണ്ട സ്ഥിതിയിലാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെ അവസരമാക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങിയാല്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നേ പരിശ്രമിക്കേണ്ടിവരും.

സെമി കേഡര്‍ സ്വീകാര്യമാകുമോ ?

ഈ അടിസ്ഥാന പ്രശ്‌നം മനസിലാക്കി കരുതലോടെ സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം, മറ്റൊരു ബിഹാറോ ഉത്തര്‍പ്രദേശോ ആയി കേരളം മാറാന്‍ അധികകാലം വേണ്ടി വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഇതിനിടയില്‍ സുധാകരനും സതീശനുമൊക്കെ പറയുന്ന സെമി കേഡര്‍ എത്രമാത്രം അണികള്‍ക്ക് സ്വീകാര്യമാകുമെന്ന് കണ്ടുതന്നെ അറിയണം.

നിസംഗത പുലർത്തി രാഹുലും, കെ.സിയും

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിലേക്കയച്ച സംസ്ഥാനം എന്ന നിലയിലും, എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്‍റെ സ്വന്തം സംസ്ഥാനം എന്ന നിലയിലും, ഇവിടുത്തെ സംഘടനാപ്രശ്‌നങ്ങള്‍ ആഴത്തില്‍ മനസിലാക്കാന്‍ ഇരുവരും ശ്രമിച്ചില്ലെന്നതും പ്രശ്‌നത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.

അഖിലേന്ത്യാ തലത്തില്‍ സംഘടനാരംഗത്ത് രാഹുല്‍ പുലര്‍ത്തുന്ന നിസംഗത കേരളത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാലാകട്ടെ ഹൈക്കമാന്‍ഡിലുള്ള തന്‍റെ സ്വാധീനം ഉപയോഗിച്ച് നേതാക്കളെ വരുതിയില്‍ നിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കാനാണ് ശ്രമിക്കുന്നത്.

ശത്രുക്കൾ സ്വന്തം പാളയത്തിൽ

മുട്ടനാടിന്‍റെ ചോര കൊതിക്കുന്ന കുറുക്കനെപ്പോലെ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി തക്കം പാര്‍ത്തിരിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ കെ.സുധാകരനും വി.ഡി.സതീശനും മുന്നിലുള്ളത് സമാനതകളില്ലാത്ത വെല്ലുവിളിയാകും. ഇരുവരും പരാജയമാണെന്ന് വരുത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ കൂടിയാകുമ്പോള്‍ ശത്രുപക്ഷത്തെക്കാള്‍ ഇരുനേതാക്കളും ഭയക്കേണ്ടത് സ്വന്തം പാളയത്തെ തന്നെയായിരിക്കും.

ABOUT THE AUTHOR

...view details