തിരുവനന്തപുരം: തേവരയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസുകള്‍ കാടുകയറി നശിക്കുന്നുവെന്ന പ്രചരണം തെറ്റെന്ന് എം.ഡി ബിജു പ്രഭാകര്‍. സോഷ്യല്‍ മീഡിയയിലും വിവിധ മാധ്യമങ്ങള്‍ വഴിയും നടക്കുന്നത് തെറ്റായ വസ്‌തുതയാണ്. പൊളിക്കാനിട്ടിരിക്കുന്ന ബസുകളാണ് തേവരയിലുള്ളത്. ഒരു വിഭാഗം ജീവനക്കാര്‍ വഴിയേ പോകുന്നവരെ വിളിച്ചുകൊണ്ട് വന്ന് കാണിക്കുകയാണ്. 834 ബസുകളാണ് പൊളിക്കാന്‍ തീരുമാനിച്ചത്. ജൻറം എ.സി ബസുകളുടെ കുറഞ്ഞ മൈലേജും റോഡിന് അനുയോജ്യമല്ലാത്ത ബോഡിയുമാണ് പ്രവര്‍ത്തനക്ഷമമാകാന്‍ കാരണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
2009-2012 കാലയളവില്‍ വാങ്ങിയ 80 എസി ലോ ഫ്‌ളോര്‍ ബസുകളാണ് സര്‍വീസ് നടത്താതെയുള്ളത്. ബാക്കിയുള്ളവ എറണാകുളം, കോഴിക്കോട് ദീര്‍ഘദൂര റൂട്ടിലും ശബരിമലയിലും സര്‍വീസ് നടത്തുകയാണ്. അതേസമയം കെ സ്വിഫ്റ്റ് യാഥാർഥ്യമായിട്ടില്ലെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ കേസുകളുണ്ട്. ഈ മാസം പത്തിനകം തീരുമാനമുണ്ടാകും.