തിരുവനന്തപുരം: വയലാര്‍ പുരസ്‌കാരലബ്ധിയില്‍ അതീവ സന്തോഷമെന്ന് കവിയും ഗാനരചയിതാവും ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍. അഭിമാനവും ആദരവും നല്‍കുന്ന പുരസ്‌കാരമെന്ന് സന്തോഷത്തോടെ തിരിച്ചറിയുന്നു. ഈ ഭൂമിയില്‍ കാലുറപ്പിച്ചു നിന്നു കൊണ്ട് ചുറ്റുമുള്ള ജനസഞ്ചയത്തെ അകമിഴികള്‍ തുറന്നു കാണുവാന്‍ ഈ അവാര്‍ഡ് പ്രചോദനമാകുന്നു. വയലാറിന്‍റെ പേരിലുള്ള പുരസ്‌കാരമെന്നത് വീണ്ടും നല്ല പാട്ടെഴുതുവാനുള്ള പ്രേരണയാകുന്നു. മനുഷ്യരുമായി വിനയപൂര്‍വ്വമായ ബന്ധം കൂടുതല്‍ ഉറപ്പിക്കാന്‍ അവാര്‍ഡ് പ്രേരണയാകുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
മണ്ണുപോലെ തകര്‍ന്നു പോകുന്ന പെണ്‍ജീവിതങ്ങള്‍ക്ക് അവാര്‍ഡ് സമര്‍പ്പിച്ച് ഏഴാച്ചേരി രാമചന്ദ്രന്‍ - വയലാര്‍ അവാര്‍ഡ് 2020
വയലാര്‍ പുരസ്‌കാരം നേടിയ സന്തോഷം ഏഴാച്ചേരി രാമചന്ദ്രന്‍ ഇടിവി ഭാരതുമായി പങ്കുവച്ചു,
വയലാര്‍ പുരസ്‌കാരം വൈകിപ്പോയി എന്നഭിപ്രായമില്ല. തൊണ്ണൂറു കഴിഞ്ഞ അക്കിത്തത്തിന് ഈ ബഹുമതി ലഭിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രമാണ്. എല്ലാത്തിനും അതിന്‍റേതായ പരുവവും അതിനു പറ്റിയ സാമൂഹിക അന്തരീക്ഷവും ഉണ്ടാകേണ്ടതുണ്ട്. തന്നെ സംബന്ധിച്ച് അതിനുള്ള മണ്ണ് പാകപ്പെട്ടത് ഇപ്പോഴായിരിക്കാം. നേരത്തേ ഈ പുരസ്‌കാരം കിട്ടിയിരുന്നെങ്കില്‍ താന്‍ കൂടുതല്‍ അഹങ്കാരിയാകുമായിരുന്നു എന്നു തോന്നുന്നു. പുരോഗമന ചിന്താഗതിയുള്ള കേരളത്തിലെ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യനുവേണ്ടി ശബ്ദിക്കുന്ന സാധാരണക്കാര്‍ക്കും ചവിട്ടിക്കുഴയ്ക്കപ്പെടുന്ന മണ്ണു പോലെ തകര്‍ന്നു പോകുന്ന കേരളത്തിലെ പെണ്‍ ജീവിതങ്ങള്‍ക്കും താന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്ന് ഏഴാച്ചേരി രാമചന്ദ്രന്‍ ഇടിവി ഭാരതിനോടു പറഞ്ഞു.