തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള തൊഴില്‍ ദിനങ്ങളിലെ അട്ടിമറിയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലുറപ്പുമായി ബന്ധപ്പെട്ട വെബ് സൈറ്റില്‍ ജോബ് കാര്‍ഡ് രജിസ്‌ട്രേഷനില്‍ ജാതി/വിഭാഗം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മരവിപ്പിച്ചു. ഇതിന് പുറമെ എസ്‌ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ നീക്കം ചെയ്‌ത് ക്രമപ്പെടുത്തിയതായി സംസ്ഥാന മിഷനില്‍ നിന്നും രേഖാമൂലം അറിയിപ്പ് വാങ്ങി.
കര്‍ശന നിര്‍ദേശവുമായി കേന്ദ്രം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമായി 100 ദിവസത്തിലകം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേരള ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് കരാര്‍ ജീവനക്കാര്‍ കൃതൃമം കാട്ടി ഈ തൊഴില്‍ ദിനങ്ങള്‍ പട്ടിക വര്‍ഗക്കാരല്ലാത്ത മറ്റു വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരുന്ന വന്‍ തിരിമറി ഇടിവി ഭാതത് പുറത്തുവിട്ടിരുന്നു.
പുതിയ നിര്‍ദേശ പ്രകാരം കേരള ട്രൈബല്‍ പ്ലസിന് വേണ്ടി മാത്രം മിഷന്‍ ഡയറക്‌ടര്‍ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും ഈ അക്കൗണ്ട് വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിയ്ക്കണമെന്നും ഈ അക്കൗണ്ടില്‍ നിന്നും ഡിജിറ്റല്‍ ഇടപാട് മുഖേന മാത്രമേ തൊഴിലാളികള്‍ക്ക് ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്യാവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന മിഷന്‍ എല്ലാ ജില്ലയിലെയും ജെപിസിമാര്‍ക്ക് (ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അയച്ച കത്തിന്‍റെ പകര്‍പ്പും ഇടിവിയ്ക്ക് ലഭിച്ചു. ട്രൈബല്‍ പ്ലസ് ആനുകൂല്യം മറ്റാര്‍ക്കെങ്കിലും ലഭ്യമാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുമെന്നും കത്തില്‍ പറയുന്നു.