തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ കണക്കിലെ പിഴവ് ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് രക്ഷപ്പെടാൻ ഭരണ സമിതിയുടെ ശ്രമം. തെറ്റായ വിവരാവകാശമാണ് എൻജിനീയറിങ് വിഭാഗം നൽകിയതെന്നാണ് ഭരണസമിതിയുടെ അവകാശവാദം. അതേസമയം വാർഷിക ഭരണ റിപ്പോർട്ടിലെ കണക്കിൽ സാങ്കേതികമായ പിഴവുണ്ടെന്നും ഭരണസമിതി സമ്മതിക്കുന്നു. വിവരാവകാശ നിയമപ്രകാരം ഇടിവി ഭാരത് പുറത്തുവിട്ട വാർത്തയിലാണ് പ്രതികരണം.
കണക്കുകൾ നഗരസഭയിൽ ഉണ്ടായിരിക്കെ വിവരാവകാശ പ്രകാരം തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൽഡിഎഫ് പാർലമെന്‍റ് പാർട്ടി നേതാവുമായ ഡി ആർ അനിൽ പറഞ്ഞു. ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. പിഴവ് തിരുത്തി കണക്കിൽ ചേർക്കുമെന്നും ഡി ആർ അനിൽ അറിയിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ആദ്യം എഞ്ചിനീയറിങ് വിഭാഗം പിആർഒയും അസിസ്റ്റന്‍റ് എൻജിനീയറുമായ എം സാജ് നൽകിയ വിവരം. ഈ വിവരം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയപ്പോൾ അപ്പീൽ അധികാരിയായ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആർ രാജീവ് നൽകിയ മറുപടിയും ആദ്യത്തേത് തന്നെയായിരുന്നു.