തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു. ശബ്ദ വോട്ടോടെയാണ് റിപ്പോർട്ട് സഭ അംഗീകരിച്ചത്. കിഫ്ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്ന് കാട്ടി പ്രതിപക്ഷത്തെ വി.ഡി സതീശൻ എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി മന്ത്രിയെ ചോദ്യം ചെയ്‌തു. സർക്കാരിന് സ്വാഭാവിക നീതി നിഷേധിച്ചതിനെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിച്ചുവെന്നും അസാധാരണ സാഹചര്യത്തിലായിരുന്നു തന്‍റെ നടപടിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഈ വിശദീകരിക്കണം എത്തിക്‌സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ചെയർമാൻ എ.പ്രദീപ് കുമാറാണ് സമിതി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മന്ത്രിയുടെ നടപടി പ്രിവിലേജ് ലംഘിച്ചോ എന്ന് പറയാൻ നമ്മുടെ മുന്നിൽ കീഴ്വഴക്കങ്ങളില്ലെന്നും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് സിഎജി റിപ്പോർട്ടിൽ പേജുകൾ കൂട്ടിച്ചേർത്തത് എന്നും നിയമസഭയുടെ അവകാശങ്ങൾ ലംഘിക്കും വിധം സിഎജി പ്രവർത്തിച്ചുവെന്നും സഭ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നും പ്രദീപ് കുമാർ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ട് വിചിത്രമാണെന്നായിരുന്നു അവകാശലംഘനത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശന്‍റെ പ്രതികരണം. ധനമന്ത്രിയുടെ അഭിപ്രായം മാത്രം കേട്ട് സിഎജിക്കെതിരെ നിലപാട് എടുക്കുന്നത് അധാർമികമെന്നും കമ്മിറ്റി സിഎജിയുടെ അഭിപ്രായം കേട്ടില്ലെന്നും ഇത് ഭരണഘടനാ സ്ഥപനത്തെ അപമാനിക്കുന്നതാണെന്നും ഇത് തിരുത്തണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.