തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ തീരുമാനമായെങ്കിലും ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്നതിൽ അവ്യക്തത തുടരുകയാണ്. ഏഴായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ മാത്രമായി ക്ലാസുകൾ നടത്താൻ ആവില്ല. ആവശ്യമുള്ള ഇടങ്ങളിൽ ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ സംയോജിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും പഴുതടച്ച സുരക്ഷയൊരുക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പ്ലസ് വൺ പരീക്ഷകൾക്കായി ക്ലാസ് മുറികൾ ശുചീകരിച്ച മാതൃകയിൽ പൊതുജന സഹകരണത്തോടെ സ്‌കൂളുകളും ക്ലാസ് മുറികളുടെയും ശുചീകരണത്തിന് പദ്ധതി തയ്യാറാക്കും. വിവിധ വകുപ്പുകളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.