തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പില്‍ (Education Department of Kerala) 50 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി നൽകിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പ് (School building renovation) നല്‍കിയത്.
50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എല്ലാ ജില്ലകളില്‍ നിന്നുമുള്ള സ്‌കൂളുകള്‍ക്ക് ഇതില്‍ പ്രാതിനിധ്യമുണ്ട്. എംഎല്‍എമാരുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതല്‍ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.