തിരുവനന്തപുരം:ലഹരി ഉപയോഗവും വ്യാപാരവും തടയുന്നതിന് കർശന നടപടികളുമായി സർക്കാർ. വിഷയം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് പി സി വിഷ്‌ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകവേ മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്കേസിലെ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തദ്ദേശ ഭരണ സ്ഥാപനങ്ങളെയും പൊലീസ് എക്‌സൈസ് സേനകളെയും ഉൾപ്പെടുത്തി വ്യാപകമായ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും. ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2 വരെ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കും. ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ കാമ്പയിനായി സംഘടിപ്പിക്കും.
പ്രധാന നിർദേശങ്ങൾ
- പ്രതികളിൽ നിന്ന് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന ബോണ്ട് വാങ്ങണം. ഇത് നിലവിലെ നിയമത്തിൽ പറയുന്നുണ്ട്. ഇക്കാര്യം സ്റ്റേഷൻ ഹൗസ് ഓഫിസർമാരും എക്‌സൈസ് ഇൻസ്‌പെക്‌ടർമാരും ഉറപ്പുവരുത്തണം.
- ലഹരി കേസുകളിലെ സ്ഥിരം കുറ്റവാളികളെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ നിയമമുണ്ട്. ഇത്തരം ശുപാർശകൾ ചെയ്യാൻ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
- കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കി അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കാൻ കർശന നിർദേശം.
- കരുതൽ തടങ്കൽ, ബോണ്ട് വാങ്ങൽ എന്നിവയിൽ ഓണക്കാലമായ അടുത്ത ആഴ്‌ച സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം.
- ലഹരി വിരുദ്ധ നിയമങ്ങൾ കർശനമായി ഉപയോഗിക്കുന്നതിൽ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിശീലനം ഉടൻ.
- ലഹരി കുറ്റവാളികളുടെ വിവരശേഖരണം നടത്തി ഇവരുടെ ഹിസ്റ്ററി ഷീറ്റ് പൊലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ഓഫിസുകളിലും സൂക്ഷിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യണം.
- വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീർക്കണം. പ്രസ്‌തുത ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കണം. പിടിഎയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിക്കണം.
- ലഹരി ഉത്‌പന്നങ്ങൾ കുഴിച്ചുമൂടുന്ന പ്രതീകാത്മക ചടങ്ങ് സംഘടിപ്പിക്കും.
- സ്‌കൂൾ കോമ്പൗണ്ടിൽ ഒരുതരത്തിലുള്ള വ്യാപാരവും പാടില്ല. മതിൽ ഇല്ലാത്ത സ്‌കൂളുകളിൽ അകത്തേക്ക് കടന്നുള്ള ലഹരി വ്യാപാരം തടയാൻ പ്രായോഗിക വഴി കണ്ടെത്തണം.
- ലഹരി വിരുദ്ധ പ്രചാരണത്തിന് അധ്യാപകർക്ക് പരിശീലനം നൽകും. ലഹരി ഉപയോഗത്തിന്‍റെ വിവിധ രീതികൾ പരിശീലനത്തിൽ പരിചയപ്പെടുത്തേണ്ടതില്ല. സാമൂഹ്യ, ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വേണം പരിശീലനം നടത്താൻ. പരിശീലകർക്കും പരിശീലനത്തിനും മാർഗരേഖ നൽകും.
- സ്‌കൂളുകൾക്ക് സമീപത്തെ കടകളിൽ നിരന്തര പരിശോധന. ലഹരി വസ്‌തുക്കൾ പിടിച്ചാൽ ആ കട പിന്നീട് പ്രവർത്തിക്കാൻ അനുവദിക്കില്ല.
- എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇവിടെ ലഹരി വസ്‌തുക്കൾ വിൽക്കുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ലഹരി വസ്‌തുക്കൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ പ്രദർശിപ്പിക്കണം. പരാതി നൽകുന്നവരുടെ വിവരം പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ രഹസ്യമായി സൂക്ഷിക്കണം.
- ബസ് സ്റ്റാൻഡുകൾ, കവലകൾ, ഗ്രന്ഥശാലകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചാരണം നടത്താൻ തദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. വാർഡുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ജന ജാഗ്രത സമിതികൾ രൂപീകരിക്കണം.
സർക്കാരിൻ്റെ നിർദേശങ്ങൾക്ക് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ലഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് നൽകിയ പി സി വിഷ്‌ണുനാഥിനെ സ്‌പീക്കർ എം ബി രാജേഷ് അഭിനന്ദിച്ചു. ലഹരി വിരുദ്ധ കാമ്പയിനിൽ സഭ ടിവിയും പങ്കാളിയാകുമെന്നും സ്‌പീക്കർ വ്യക്തമാക്കി.