തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായി ഡോ. തോമസ് നെറ്റോ ചുമതലയേറ്റു.ഡോ. എം സൂസെപാക്യം വിരമിക്കുന്ന ഒഴിവിലാണ് ഡോ. തോമസ് നെറ്റോ ചുമതലയേറ്റത്.
ജനനം പുതിയതുറയിൽ
1964 ഡിസംബർ 29ന് ജേസയ്യ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും മകനായി പുതിയതുറയിൽ ജനം. സെന്‍റ് നിക്കോളാസ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ലൂർദ്‌പുരം സെന്‍റ്. ഹെലൻസ് സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ. എസ്. എച്ച്. എസ്. സ്‌കൂളിലുമായി വിദ്യാഭ്യാസം. സെന്‍റ് സേവ്യേഴ്‌സ് കോളജിൽ പ്രീഡിഗ്രി. വൈദികനാകാനായി സെന്‍റ്. വിൻസെന്‍റ് സെമിനാരിയിൽ ചേരുകയും ബിരുദപഠനം പൂർത്തിയാക്കുകയും ചെയ്‌തു.
കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം
മൈനർ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെന്‍റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും 1983-86 കാലഘട്ടത്തിൽ തത്വശാസ്‌ത്രവും 1986-89 കാലഘട്ടത്തിൽ ദൈവശാസ്‌ത്ര പഠനവും പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്നുള്ള അഞ്ച് വർഷക്കാലം പെരിങ്ങമല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി.വാർഡനായും സഭൈക്യ-സംവാദ കമ്മിഷന്‍റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്‌ത്രത്തിൽ ലൊയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.