തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധ സമരം പിൻവലിച്ചു. മന്ത്രി കെ കെ.ശൈലജയുമായുള്ള ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്.
ആരോഗ്യമന്ത്രിയുടെ ചര്‍ച്ച വിജയം; ഡോക്‌ടർമാരും നഴ്‌സുമാരും സമരം പിൻവലിച്ചു
സസ്പെൻഷൻ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകി. 24 മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും കെ.കെ ശൈലജ അറിയിച്ചു
ഒ.പി ബഹിഷ്കരിച്ചായിരുന്നു സംഘടനകളുടെ സമരം. നാളെ മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ, നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ തുടങ്ങിയ സംഘടനാ പ്രതിനിധികളുമായി ആരോഗ്യ മന്ത്രി ഇന്ന് ചർച്ച നടത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊവിഡ് നോഡൽ ഓഫിസർ ഡോക്ടർ അരുണ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സസ്പെൻഷൻ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ചർച്ചയിൽ സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകി. 24 മണിക്കൂറിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ചർച്ചകൾക്കുശേഷം ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ നടപടിക്രമം അനുസരിച്ചാണ് പ്രവർത്തിച്ചത്. ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ല. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായതിനാൽ പ്രതിഷേധ പരിപാടികൾ അവസാനിപ്പിക്കുന്നതായി ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സംഘടനാ നേതാക്കൾ വ്യക്തമാക്കി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും. അത് അനുസരിച്ചാകും ആരോഗ്യവകുപ്പ് ഉപ്പ ജീവനക്കാർക്ക് എതിരായ തുടർ നടപടികൾ സ്വീകരിക്കുക.