നെടുമങ്ങാട്: അമിത വേഗതയിൽ എത്തിയ ബൈക്ക് കാറിൽ തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിൽ ഒരു സംഘം വീട് കയറി ആക്രമിച്ചു. മാരകയുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ സ്ത്രീകളടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നെടുമങ്ങാട് കൊപ്പം ഷൈല മൻസിലിൽ ഷൈല (43), മകൾ അഫ്‌സാന (16), അജ്മൽ (42), ഫിറോസ് (29), കയ്പ്പാടി ആലുമ്മൂട് ഷാൻ നിവാസിൽ അൻസാരി (52) എന്നിവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറ് തട്ടിയതിനെച്ചൊല്ലി തര്‍ക്കം; അഞ്ചംഗ സംഘം വീട് കയറി ആക്രമിച്ചു - തിരുവനന്തപുരം വാര്‍ത്തകള്‍
മാരകയുധങ്ങളുമായി നടത്തിയ ആക്രമണത്തിൽ സ്ത്രീകളടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.
അരിശുപറമ്പ് കൊപ്പം സ്വദേശിയായ ഷെഹീന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മാരകായുധങ്ങളുമായി വീട് കയറി ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇന്നലെ വൈകിട്ട് മൂന്നര മണിയോടെ കൊപ്പം മസ്ജിദിനു സമീപമാണ് സംഭവം. ഷഹീനും സുഹൃത്തും ഓടിച്ചിരുന്ന ബൈക്ക് മസ്ജിദിന് സമീപത്തുവച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ വന്ന ബൈക്ക് നിര്‍ത്തിയിട്ട കാറിലാണ് ഇടിച്ചത്. ഈ സമയം അവിടെ ഉണ്ടായിരുന്ന ഫിറോസും, സഹോദരൻ അൻസാരിയും മറ്റുള്ളവരും ചേർന്നു സംഭവം സംസാരിച്ചു ഒത്തു തീർപ്പ് ആക്കിയെങ്കിലും മദ്യ ലഹരിയിൽ ആയിരുന്ന ഷഹീൻ അവിടെ നിന്നവരെ അസഭ്യം വിളിക്കുകയും ഫിറോസിനെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് ഇരുകൂട്ടരും കയ്യാങ്കളിയിലെത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരുവരെയും പറഞ്ഞയച്ചു.
ശേഷം നാലുമണിയോടെ ഷഹീന്‍റെ നേതൃത്വത്തിൽ എത്തിയ അഞ്ചംഗ സംഘം ഫിറോസിന്‍റെ വീട്ടിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. വാളും മറ്റു മാരകയുധങ്ങളുമായിട്ടായിരുന്നു ആക്രമണം എന്ന് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഫിറോസിനെയും, അൻസാരിയെയും ആക്രമിക്കുന്നത് തടയാനെത്തിയ സ്ത്രീകളെയും സംഘം ആക്രമിച്ചു. ഫിറോസിന്‍റെ സുഖമില്ലാതെ കിടക്കുന്ന 83 വയസുള്ള പിതാവിനെയും സംഘം വെറുതെ വിട്ടില്ല. സംഭവത്തിന് ശേഷം കാറിൽ ഇവർ രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.