തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി ചീഫ് മിനിസ്‌റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെന്‍റ് ഫണ്ട് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉൾപ്പടെ എല്ലാവവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയുടെയും വെബ്‌സൈറ്റിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുക. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്. നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താൽപര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സർക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്. ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'വിദ്യാകിരണം പദ്ധതിക്ക് പിന്തുണ ലഭിക്കും'
നാടിന്‍റെ ഭാവി പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്‍റെ പൊതുവായ മേന്മ മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന പദ്ധതിയായി വിദ്യാകിരണം മാറും. പുസ്‌തകം, പെൻസിൽ, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ പോലെതന്നെ പ്രധാനമാണ് ഡിജിറ്റൽ ഉപകരണങ്ങളും എന്ന കാഴ്‌ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്. ഈ വിഷയത്തിൽ സഹായിക്കുന്നതിന് പല പ്രദേശങ്ങളിലും അധ്യാപക രക്ഷകർതൃ സമിതികൾ വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്.