തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐയുടെ ഡെപ്യൂട്ടി മേയറും സിപിഎമ്മിന്‍റെ സ്ഥിരം സമിതി അധ്യക്ഷയും തമ്മിലുള്ള പോര് മുറുകുന്നു. തനിക്കെതിരെ അഴിമതി ഉന്നയിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് രേഖകൾ നൽകിയത് സിപിഎം കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ പുഷ്‌പലത ആണെന്ന് ഡെപ്യൂട്ടി മെയർ രാഖി രവികുമാർ അരോപിച്ചു. രാഖിയുടെ വാർഡിൽ ആൽത്തറ സിഎസ്എം റോഡിന്‍റെ നവീകരണത്തിന് 43 ലക്ഷം രൂപ ചെലവഴിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കരാറുകാർക്ക് പണം നൽകിയത് ഉൾപ്പെടെയുള്ള രേഖകൾ സമൂഹ മാധ്യമങ്ങൾ വഴി യൂത്ത് കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന രേഖയിൽ പുഷ്‌പലതയുടെ ലെറ്റർ പാഡും ഓഫീസ് പശ്ചാത്തലവും കണ്ടതിനെ തുടർന്നാണ് ആരോപണവുമായി ഡെപ്യൂട്ടി മേയർ രംഗത്തെത്തിയത്.
തിരുവനന്തപുരം കോർപ്പറേഷനിലെ തർക്കം; തെളിവുമായി ഡെപ്യൂട്ടി മേയർ - cpm cpi conflict trivandrum corporation
തനിക്കെതിരെ അഴിമതി ഉന്നയിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് രേഖകൾ നൽകിയത് സിപിഎം കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ പുഷ്‌പലത ആണെന്ന് ഡെപ്യൂട്ടി മെയർ രാഖി രവികുമാർ അരോപിച്ചു
ഡെപ്യൂട്ടി മേയർ നടത്തിയ പരിശോധനയിൽ എൻജിനീയറിങ് വിഭാഗത്തിലെ ഫയലുകൾ പുഷ്‌പലത വിളിച്ചുവരുത്തി പരിശോധിച്ചതായും കണ്ടെത്തി. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റിക്ക് രാഖി രവികുമാർ പരാതി നൽകി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പുഷ്‌പലതയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതു മുന്നണിയിലെ അസ്വാരസ്യം വെളിപ്പെടുത്തുന്നതാണ് തർക്കം. സംഭവത്തില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോർപ്പറേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചിരുന്നു.