കേരളം

kerala

ETV Bharat / city

തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് : പ്രതിരോധത്തിന് അടിയന്തര നിർദേശം നൽകി ആരോഗ്യവകുപ്പ് - തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിൽ ആന്ത്രാക്‌സ് രോഗബാധ

അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്

Department of Health has issued an urgent directive on anthrax prevention  anthrax in kerala  തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ്  ആന്ത്രാക്‌സ് പ്രതിരോധത്തിന് അടിയന്തര നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്  തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിൽ ആന്ത്രാക്‌സ് രോഗബാധ  ആന്ത്രാക്‌സ് രോഗം
തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ്; പ്രതിരോധത്തിന് അടിയന്തര നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

By

Published : Jun 30, 2022, 7:55 AM IST

തിരുവനന്തപുരം :തൃശൂരിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധത്തിന് അടിയന്തര നിർദേശം നൽകി ആരോഗ്യ വകുപ്പ്. അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. ഇവിടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു.

തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തി. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിക്കുന്നുണ്ട്.

ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി വരുന്നുണ്ട്. കാട്ടുപന്നികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇത്തരം സംഭവം ഉണ്ടായാൽ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തൃശൂര്‍ ജില്ലയില്‍ ഇതുസംബന്ധിച്ച് അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് : ബാസിലസ് ആന്ത്രാസിസ് എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. യഥാസമയം ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 4 തരം ആന്ത്രാക്‌സാണ് കണ്ടുവരുന്നത്.

പനി, വിറയല്‍, തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ചുമ, ഓക്കാനം, ഛര്‍ദില്‍, വയറുവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആന്ത്രാക്‌സിന്‍റെ ലക്ഷണങ്ങളാണ്. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലോടുകൂടിയ കുരുക്കള്‍, വ്രണങ്ങള്‍ എന്നിവ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്‍റെ ലക്ഷണങ്ങളാണ്. ഇവ സാധാരണയായി മുഖത്തും കഴുത്തിലും കൈകളിലുമാണ് കാണപ്പെടുന്നത്.

ഇതുകൂടാതെ കുടലിനെ ബാധിക്കുന്ന ആന്ത്രാക്‌സുമുണ്ട്. പനി, കുളിര്, തൊണ്ടവേദന, കഴുത്തിലെ വീക്കം, ഓക്കാനം, ഛര്‍ദി, രക്തം ഛര്‍ദിക്കുക, മലത്തിലൂടെ രക്തം പോകുക, വയറുവേദന, ബോധക്ഷയം എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ ഇന്‍ജക്ഷന്‍ ആന്ത്രാക്‌സും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ലക്ഷണങ്ങള്‍ ക്യൂട്ടേനിയസ് ആന്ത്രാക്‌സിന്‍റെ സമാന ലക്ഷണങ്ങളാണ്.

ABOUT THE AUTHOR

...view details