തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ അതി തീവ്രതയില്‍ രാജ്യം പകച്ചുപോകുന്ന സാഹചര്യമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ആശങ്കകള്‍ക്ക് ഇടയിലും ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യം കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചാണ്.
എന്നാല്‍, അത് പൂര്‍ണ്ണമായും ശരിവയ്ക്കുന്ന ഒരു ഉത്തരം ഇപ്പോള്‍ നല്‍കാനാകില്ലെങ്കിലും ഒന്നുറപ്പാണ്. കൊറോണ വൈറസ് ഇനിയും പലയിടങ്ങളിലായി പൊട്ടിപ്പുറപ്പെടാം. ജനിതക മാറ്റം വന്ന വൈറസും അതിന്റെ വകഭേദങ്ങളും വ്യാപന ശേഷി പതിന്മടങ്ങ് വര്‍ധിപ്പിച്ചു. കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
പോരാടം കൊവിഡിനെതിരായി... സ്വയം സുരക്ഷിതരാവുക, മറ്റുള്ളവരെ സുരക്ഷിതരാക്കുക രാജ്യത്ത് വലിയൊരു ശതമാനം ആളുകളും വാക്‌സിന്‍ വഴിയുള്ള പ്രതിരോധ സുരക്ഷിതത്വം നേടിയിട്ടില്ല. കൊവിഡ് മഹാമാരിയെ ദീര്‍ഘകാല വെല്ലുവിളിയായി കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഹ്രസ്വകാലടിസ്ഥാനത്തില്‍ പരിഗണിച്ചതും വലിയ തിരിച്ചടിയാണ്. ജനിതകമാറ്റം വന്ന വൈറസാണ് ഇപ്പോഴുള്ള പ്രതിസന്ധികള്‍ക്ക് കാരണം എന്ന് പറയുമ്പോഴും പൂര്‍ണ്ണമായും അത് ശരിയല്ല.
അതിന്റെ കാരണം ജനിതക മാറ്റം ഒരു പുതിയ കാര്യമല്ല എന്നതു തന്നെയാണ്. വൈറസുകള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി ജനിതക ഘടനയില്‍ മാറ്റം വരുത്തും. ഇതോടെ പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടാകും. മനുഷ്യനിലേക്ക് വൈറസ് എത്ര വേഗം വ്യാപിക്കുമെന്ന് കൃത്യമായി പറയാനാകില്ല. വ്യാപനത്തിന്റെ വേഗം, വൈറസ് എത്തിപ്പെടുന്ന സാഹചര്യം എന്നിവ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ്. വൈറസിനെ നേരിടാനുള്ള ഏറ്റവും മികച്ച പ്രതിവിധി ശാരീരിക അകലം പാലിക്കുക തന്നെയാണ്.
അകന്നിരിക്കുമ്പോള്‍ വൈറസ് വകഭേദങ്ങളുടെ വ്യാപന ശേഷി സ്വാഭാവികമായും കുറയും. കൊവിഡ് മഹാമാരിക്ക് എതിരായ പ്രധാന ആയുധം വാക്‌സിന്‍ തന്നെയെന്ന് പറയുമ്പോഴും ആശങ്കയ്ക്ക് ഇടനല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ പടരുന്ന കൊവിഡ് വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളതാണെന്നും ഒരുപക്ഷേ, വാക്‌സിന്‍ സുരക്ഷയെ വരെ മറികടന്നേയ്ക്കുമെന്നും ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തുന്നു.
യഥാര്‍ത്ഥ വൈറസിനെതിരെ രൂപപ്പെടുത്തിയ വാക്‌സിനുകള്‍ പുതിയ വകഭേദങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണ ഫലം തരണമെന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ വകഭേദങ്ങള്‍ക്ക് എതിരെ പുതുതലമുറ വാക്‌സിന്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് വേണ്ടി കാത്തു നില്‍ക്കാതെ ജനങ്ങള്‍ സ്വയം സുരക്ഷിതരാവുകയാണ് വേണ്ടത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വയം സുരക്ഷിതരാവുക എന്നതിന് അപ്പുറം മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ കൈയിലാണ്.