തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്‍റെ രണ്ടാം ദിനവും. ആദ്യ ദിനമായ ഇന്നലെ വാളായാര്‍ കേസ് സഭയെ സ്തംഭിപ്പിച്ചുവെങ്കില്‍ രണ്ടാം ദിനത്തില്‍ ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. സംസ്ഥാനത്ത് മുഴുവനും പുതിയ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയായ ട്രാന്‍സ്ഗ്രിഡില്‍ അഴിമതിയാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
ട്രാന്‍സ്ഗ്രിഡ് പദ്ധതി; പ്രതിപക്ഷം നടുത്തളത്തില്‍, അഴിമതിയാരോപണത്തിന് തെളിവ് ചോദിച്ച് മന്ത്രി എം.എം മണി
ആരോപണം ഉന്നയിക്കാതെ ആണത്തത്തോടെ രേഖാമൂലം പരാതി നല്‍കണമെന്ന് എം.എം മണി പ്രതിപക്ഷത്തോട്
ട്രാന്‍സ്ഗ്രിഡില്‍ കരാര്‍ നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് വി.ഡി സതീശനാണ് ചോദ്യമുന്നയിച്ചത്. എന്നാല്‍ എസ്‌റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ടെന്‍ഡറില്‍ ഉള്‍പ്പെടുത്തുന്നത് പതിവാണെന്ന് വൈദ്യുത മന്ത്രി എം.എം മണി പ്രതികരിച്ചു.പദ്ധതി നടപ്പാക്കുമ്പോള്‍ കൂടുതല്‍ പണം ആവശ്യം വരും ഇതിനാണ് കൂടുതല്‍ പണം നല്‍കിയതെന്നും മന്ത്രി മറുപടി പറഞ്ഞു. എന്നാല്‍ എസ്‌റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ തുക ടെന്‍ഡറില്‍ ആവശ്യപ്പെട്ടാല്‍ റീടെന്‍ഡര്‍ നല്‍കണമെന്ന് ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്‍റെ റിപ്പോര്‍ട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്‌ണന്‍ സൂചിപ്പിച്ചപ്പോള്‍, ആ റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിക്ക് ബാധകമല്ലെന്ന് വൈദ്യുത എം.എം മണി മറുപടി പറഞ്ഞു. തുടര്‍ന്ന പ്രതിപക്ഷ നേതാവ് സംഭവത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു. എന്നാല്‍ ചോദ്യോത്തര വേളയില്‍ പ്രസ്താവന നടത്താന്‍ പാടില്ലെന്ന് സ്‌പീക്കര്‍ നിലപാടെടുത്തതോടെ സഭയില്‍ ബഹളമായി. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്‌പീക്കറുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് പിന്‍വാങ്ങി.
മറുപടി പ്രസംഗത്തിനെത്തിയ മന്ത്രി എംഎം മണി പ്രതിപക്ഷത്തെ പരിഹസിച്ചുക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. തെരഞ്ഞെടുപ്പ് പരാജയത്തെ മറികടക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ അഴിമതിയാരോപണമെന്നും അനാവശ്യമായ ആരോപണം ഉന്നയിക്കാതെ പ്രതിപക്ഷം ആണത്തത്തോടെ രേഖാമൂലം പരാതി നല്‍കണമെന്നും, എങ്കില്‍ അന്വേഷിക്കാമെന്നും എം.എം മണി പ്രതികരിച്ചു.