എറണാകുളം : നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഈ സമയത്ത് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നല്‍കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കോടിയേരി.
സംഭവമുണ്ടായ ദിവസം മുതല്‍ ഇന്നുവരെ അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാരാണിത്. കേസിൽ പഴുതടച്ച അന്വേഷണമാണ് സർക്കാർ നടത്തിയത്. പ്രത്യേക പ്രോസിക്യൂട്ടർ, പ്രത്യേക വിചാരണ കോടതി എന്നിവയെല്ലാം അതിജീവിതയുടെ ആവശ്യങ്ങളിന്‍മേലുള്ള സർക്കാര്‍ ഇടപെടലുകളാണ്.
Read more: 'ഭരണ മുന്നണിയിലെ രാഷ്ട്രീയക്കാരുടെ സ്വാധീനത്താൽ കേസ് അവസാനിപ്പിക്കാന്‍ ശ്രമം' ; ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഹൈക്കോടതിയിൽ
ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ മുഖ്യാതിഥി ആക്കിയ സർക്കാരാണ് ഇത്. പരസ്യമായി ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചതിലൂടെ സർക്കാർ അവർക്കൊപ്പമാണെന്ന സന്ദേശമാണ് നൽകിയത്.
കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട് കേസിൽ പ്രതിയായ വളരെ പ്രമുഖനായ ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഇങ്ങനെ സംഭവിക്കുമായിരുന്നോയെന്നും ദിലീപിന്‍റെ പേര് പറയാതെ കോടിയേരി ചോദിച്ചു. അറസ്റ്റ് ചെയ്‌തയാളുമായി അടുത്ത ബന്ധം കോൺഗ്രസ് നേതാക്കൾക്കാണ്, അവരുമായി വേദി പങ്കിട്ട ആൾ ഇന്ന് രാജ്യസഭ അംഗമാണെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കരയില്‍ ഇടത് അനുകൂല സാഹചര്യം : നേരത്തെ നിശ്ചയിച്ചത് പ്രകാരമാണ് തൃക്കാക്കരയിലെ ബിജെപി ഓഫിസിലെത്തി യുഡിഎഫ് സ്ഥാനാർഥി കുമ്മനത്തെ കണ്ടതെന്ന് കോടിയേരി ആരോപിച്ചു. കെ.വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്തതിനാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. യുഡിഎഫ് സ്ഥാനാർഥി ബിജെപി ഓഫിസിൽ വോട്ടുചോദിച്ചാൽ കുഴപ്പമില്ല.
ആർഎസ്എസ്, എസ്‌ഡിപിഐ വോട്ടുകൾ വേണ്ടെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചതാണ്. തൃക്കാക്കരയിൽ ഇരു സംഘടനകളുടെയും പേരെടുത്ത് പറഞ്ഞ് വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകുമോയെന്നും കോടിയേരി ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ്.
ഇതിനെ മറികടക്കാനാണ് രാഷ്ട്രീയമായി അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിൽ രണ്ടുസീറ്റിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചതിന് പിന്നിൽ കോൺഗ്രസ് ആണ്. ഇതിന്‍റെ പ്രത്യുപകാരമായി ഇവിടെ കോൺഗ്രസിന് വോട്ട് അനുകൂലമാക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണ്. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങൾ ഇതിനെ പരാജയപ്പെടുത്തുമെന്നും, ഇടത് സ്ഥാനാർഥി വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു.