തിരുവനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഗവര്‍ണറും സര്‍ക്കാരും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരുക്കുകയാണെന്നും മോദി സര്‍ക്കാരിന്‍റെ രാഷ്ട്രീയ നയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുളള ചേരിതിരിവാണ് ഇതിന് അടിസ്ഥാനമെന്നും കോടിയേരി വിമർശിച്ചു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്.
സംഘപരിവാര്‍ അജണ്ടകളുമായി സംസ്ഥാനത്ത് ഗവര്‍ണര്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയല്ല, കേന്ദ്രം നിയോഗിച്ച ഗവര്‍ണറാണ് വിഷയം. ഈ രാഷ്‌ട്രീയ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ കടിഞ്ഞാണില്ലാത്ത പ്രവൃത്തികളെ വിലയിരുത്തുന്നതെന്നും 'ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
ഗവര്‍ണര്‍ യഥാർഥ അധികാരിയായി ചമയുന്നത് അപഹാസ്യം:കേന്ദ്രത്തിലെ ആര്‍എസ്എസ്-ബിജെപി ഭരണത്തെ തൃപ്‌തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഗവര്‍ണര്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത സമീപനങ്ങള്‍ ഉണ്ടായപ്പോഴെല്ലാം സര്‍ക്കാരും മുഖ്യമന്ത്രിയും ക്ഷമയും സംയമനവും പാലിച്ച് സ്‌ഫോടനാവസ്ഥ ഒഴിവാക്കി.